മോദിയുടെ പിന്തുണയുള്ളിടത്തോളം പാര്‍ട്ടിയും സര്‍ക്കാരും കുലുങ്ങില്ലെന്ന് തമിഴ്‌നാട് മന്ത്രി

0
50

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുള്ളിടത്തോളം പാര്‍ട്ടിയെ കുലുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് തമിഴ്‌നാട് ക്ഷീരവകുപ്പ് മന്ത്രി കെ.ടി.രാജേന്ദ്ര ബാലാജി. പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് എഐഎഡിഎംകെയ്ക്ക് മോദിയുടെ ശക്തമായ പിന്തുണയുണ്ടെന്ന് ബാലാജി വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ കൂടെയാണ്. അതിനാല്‍ ആര്‍ക്കും നമ്മള്‍ കുലുങ്ങേണ്ടതില്ല. രണ്ടില ചിഹ്നം ഇപിഎസ് ക്യാംപിനുതന്നെ കിട്ടും. മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് പാര്‍ട്ടി ചിഹ്നം ലഭിക്കുമെന്നുറപ്പുണ്ടെന്നും രാജേന്ദ്ര ബാലാജി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രതിപക്ഷത്തുള്ള ഡിഎംകെ ഉള്‍പ്പെടെയുള്ളവര്‍ക്ക് എഐഎഡിഎംകെയെ എതിര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാംഗങ്ങളില്‍ 92 ശതമാനം പേരും പളനിസാമിയെ പിന്തുണയ്ക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടിലെ എടപ്പാടി സര്‍ക്കാരിന് കേന്ദ്രത്തിന്റെ പരോക്ഷമായ പിന്തുണയുണ്ടെന്ന് തെളിയിക്കുന്നതാണ് ബാലാജിയുടെ വാക്കുകള്‍.