ലോകചാമ്പ്യനെ അട്ടിമറിച്ച് ശ്രീകാന്ത് സെമിയിലെത്തി

0
38

ഒഡെന്‍സെ: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോക ചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ കെ.ശ്രീകാന്ത് സെമിഫൈനലിലെത്തി. നിലവിലെ ലോക ചാമ്പ്യനും രണ്ടാം സീഡ് താരവുമായ വിക്ടര്‍ അസെല്‍സനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് മറികടന്നത്. സ്‌കോര്‍: 14-21, 22-20, 21-7.

രണ്ട് വര്‍ഷം മുന്‍പ് നടന്ന ഇന്ത്യ ഓപ്പണിലും സ്വിസ് ഓപ്പണിലും ശ്രീകാന്ത് അസെല്‍സനെതിരെ വിജയം നേടിയിരുന്നു. സെമിയില്‍ ഹോങ് കോങ്ങിന്റെ സീഡ് ചെയ്യപ്പെടാത്ത താരമായ വോങ് വിങ് കി വിന്‍സെന്റാണ് ശ്രീകാന്തിന്റെ എതിരാളി.

അതേസമയം ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന സൈന നേവാളും മലയാളി താരം എച്ച്.എസ്.പ്രണോയും ക്വാര്‍ട്ടറില്‍ പുറത്തായി. സൈന നാലാം സീഡായ ജാപ്പനീസ് തരം അകാനെ യമാഗുച്ചിയോടാണ് തോറ്റത്. (സ്‌കോര്‍: 10-21, 13-21). പ്രണോയും ഒന്നാം സീഡായ സോന്‍ വാന്‍ ഹോയോട് നേരിട്ടുളള്ള ഗെയിമുകള്‍ക്കാണ് തോറ്റത്. സ്‌കോര്‍: 13-21, 18-21.