വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി ഘടകം

0
46


ചെന്നൈ: നടന്‍ വിജയ്ക്കെതിരെ വര്‍ഗീയത പരാമര്‍ശവുമായി തമിഴ്നാട് ബിജെപി ഘടകം. വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ തമിഴ്നാട് നേതാവ് എച്ച്.രാജ രംഗത്തെത്തിയിരിക്കുന്നത്.
വിജയ് ചിത്രം മെര്‍സലിന്റെ റിലീസിനോടനുബന്ധിച്ച തലപൊക്കിയ വിവാദങ്ങളെ തുടര്‍ന്നാണ് വിജയുടെ മതപരമായി അസ്തിത്വം ഉയര്‍ത്തിക്കാട്ടി രാജ രംഗത്തെത്തിയത്.

വിജയ്‌യെ ജോസഫ് വിജയ് എന്ന പേരുപയോഗിച്ച് അഭിസംബോധന ചെയ്തുകൊണ്ടാണ് രാജ ട്വീറ്റ് ചെയ്തിരിക്കുന്നത്. മെര്‍സലിന്റെ നിര്‍മാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും അത് വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും രാജ വ്യക്തമാക്കി.

സിനിമയില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള സംഭാഷണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മോദി സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിനു പിന്നില്‍ വിജയുടെ മതവിശ്വാസത്തിന് പങ്കുണ്ടെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജ പ്രതികരിച്ചു. സനിമയില്‍ ക്ഷേത്രങ്ങള്‍ക്കു പകരം ആശുപത്രികള്‍ നിര്‍മിക്കണമെന്ന സംഭാഷണം പള്ളികളെക്കുറിച്ച് അദ്ദേഹം പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജി.എസ്.ടിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് തമിഴ്‌നാട് ബി.ജെ.പി ഘടകം അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.

ചിത്രത്തിലെ രണ്ട് രംഗങ്ങളാണ് ബി.ജെ.പി.യെ പ്രകോപിപ്പിച്ചത്. ചിത്രത്തിന്റെ തുടക്കത്തില്‍ വടിവേലു തന്റെ കാലിയായ പെഴ്‌സ് തുറന്നു കാട്ടി ഡിജിറ്റല്‍ ഇന്ത്യയ്ക്കു നന്ദി പറയുന്നതാണ് ഒരു രംഗം. രണ്ടാമത്തേത് വിജയ് പറയുന്ന ഒരു സംഭാഷണമാണ്. ഏഴ് ശതമാനം മാത്രം ജിഎസ്ടിയുള്ള സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാല്‍ 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമുള്ള സംഭാഷണമാണിത്.

മെര്‍സല്‍ റിലീസ് ആയതുമുതല്‍ ബിജെപി ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള രംഗങ്ങള്‍ മെര്‍സലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വിജയുടെ രാഷ്ട്രീയ താല്‍പര്യങ്ങളുടെ തെളിവാണെന്ന് സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍ ആരോപിച്ചു. എന്നാല്‍ ബിജെപിയുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ചിത്രത്തിലെ പ്രസ്തുത ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നുള്ള ഉറപ്പ് നിര്‍മാതാവ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, ബിജെപിയുടെ ആവശ്യം അംഗീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഒരു കാരണവശാലും മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യരുതെന്ന് കബാലി സംവിധായകന്‍ പാ രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് സിനിമയില്‍ പ്രതിഫലിക്കുന്നതെന്നും അതില്‍ വിഷമിച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. കൂടാതെ ഉലകനായകന്‍ കമല്‍ഹാസനും മെര്‍സലിനെ വീണ്ടും സെന്‍സര്‍ ചെയ്യരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് ചെയ്ത ചിത്രമാണ് മെര്‍സല്‍. ഇനി വീണ്ടും അതിനെ സെന്‍സര്‍ ചെയ്യരുതെന്ന് കമല്‍ പറഞ്ഞു. അറ്റ്ലി സംവിധാനം ചെയ്ത മെര്‍സല്‍ ദീപാവലി ദിനത്തിലാണ് തിയേറ്ററുകളിലെത്തിയത്.