ഭോപ്പാല്‍: ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പറന്ന ജെറ്റ് എയര്‍വേയ്സ് വിമാനത്തിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണിന് തീപിടിച്ചു. 120 പേര് കയറിയ വിമാനം പുക പടര്‍ന്നതിനെ തുടര്‍ന്ന് 15 മിനിറ്റിനുള്ളില്‍ തിരികെ ഇറക്കുകയായിരുന്നു.
യാത്രക്കാരിയായ അര്‍പിത ദള്ളിന്റെ ബാഗില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെടുകയും ജീവനക്കാരെ വിളിച്ച് പരിശോധിപ്പിക്കുകയുമായിരുന്നു. ബാഗില്‍ സൂക്ഷിച്ചിരുന്ന ഫോണിന് തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫോണ്‍ വെള്ളത്തില്‍ ഇട്ടത് വലിയ അപകടം ഒഴിവാക്കി.
വിമാനത്തിനുള്ളില്‍ വെച്ച് മൊബൈല്‍ ഫോണിന് തീപിടിച്ചതും പുക പടര്‍ന്നതും ഭീതിപെടുത്തിയതായി അര്‍പിതയുടെ ഭര്‍ത്താവ് അതുല്‍ പറഞ്ഞു. മാത്രമല്ല വിമാനത്തില്‍ അഗ്നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുരക്ഷാ സംവിധാനത്തിലെ വീഴച ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു തീപിടുത്തമോ പൊട്ടിത്തെറിയോ ഉണ്ടായാല്‍ ഇവര്‍ എങ്ങനെ അതിനെ മറികടക്കുമെന്നും അദ്ദേഹം ചോദിച്ചു.
സാംസങ് ജെ7 മോഡല്‍ ഫോണാണ് ഇവരുടെ ബാഗില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിച്ച ഫോണിന് പുറമെ മൂന്ന് ഫോണ്‍ കൂടി അര്‍പിതയുടെ കൈവശമുണ്ടായിരുന്നു.
എന്നാല്‍, സംഭവത്തെ ജെറ്റ് എയര്‍വേയ്സ് അധികൃതര്‍ അപലപിച്ചു. തീപിടിച്ച ഫോണ്‍ വെള്ളത്തിലിട്ടതിന് പുറമെ സുരക്ഷാ കാരണം ഉന്നയിച്ച് തീപിടിക്കാത്ത ഫോണും വിമാന ജീവനക്കാര്‍ വെള്ളത്തിലിട്ടതായി അര്‍പിതയുടെ ഭര്‍ത്താവ് അതുല്‍ ആരോപിച്ചു. എന്നാല്‍, അവരില്‍ നിന്ന് പിടിച്ചെടുത്ത ഫോണ്‍ അന്വേഷണത്തിന് ശേഷം മടക്കി നല്‍കുമെന്ന് ജെറ്റ് എയര്‍വേയ്സ് വക്താവ് അറിയിച്ചു.