സംശയത്തിന്റെ പേരില്‍ മാനസിക രോഗിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം

0
37

കശ്മീര്‍: മുടി മുറിക്കുന്ന ആളെന്ന സംശയത്തിന്റെ പേരില്‍ മാനസിക രോഗിയായ യുവാവിനെ ജനക്കൂട്ടം കൊലപ്പെടുത്താന്‍ ശ്രമിച്ചു. കാശ്മീരിലെ സോപോരിലാണ് സംഭവം. പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ യുവാവിനെയാണ് ജനങ്ങള്‍ ആക്രമിച്ചത്. യുവാവിനെ തീകൊളുത്താനും ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

മുടി മുറിക്കുന്നയാളെ ജനക്കൂട്ടം പിടികൂടിയെന്ന വാര്‍ത്തറിഞ്ഞാണ് പോലീസ് എത്തിയത്. പോലീസ് സ്ഥലത്തെത്തുമ്പോള്‍ പുല്ല് കൂട്ടിയിട്ട് യുവാവിനെ അതിലേക്കിട്ട് തീകൊളുത്താനുള്ള ശ്രമമായിരുന്നു. പോലീസിന്റെ സമയോചിത ഇടപെടല്‍ കൊണ്ടാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് സോപോര്‍ എസ്പി ഹര്‍മീത് സിംഗ് അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ സോപോറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുടര്‍ ചികിത്സയ്ക്കായി ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം മറ്റൊരു യുവാവിനെ ബോട്ടില്‍ നിന്നും പിടികൂടി വെള്ളത്തില്‍ മുക്കികൊല്ലാനും ശ്രമം നടന്നിരുന്നു.