കോട്ടയം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനി അനുമോള്‍ തമ്പിക്ക് ഡബിള്‍. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തിലാണ് സ്വര്‍ണം. കഴിഞ്ഞ ദിവസം നടന്ന 3000 മീറ്ററിലും അനുമോള്‍ സ്വര്‍ണം നേടിയിരുന്നു.
സ്കൂള്‍ മീറ്റില്‍ നിലവിലെ ജേതാക്കളായ പാലക്കാടിനെ പിറകിലാക്കി എറണാകുളം ജില്ല പോയിന്റ് പട്ടികയില്‍ ഒന്നാമതായി തുടരുകയാണ്. ഇന്നു ഉച്ചയ്ക്ക് ശേഷമാണ് മേളയിലെ ഗ്ലാമര്‍ ഇനമായ 100മീറ്റര്‍ ഫൈനലുകള്‍. സീനിയര്‍ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സും വൈകിട്ട് നടക്കും.
ഫീല്‍ഡ് ഇനങ്ങളിലും പ്രധാന മല്‍സരങ്ങളുണ്ട്. ആദ്യ ദിനത്തില്‍ രണ്ടു ദേശീയ റെക്കോഡ് മറികടന്ന പ്രകടനങ്ങള്‍ക്ക് പിന്നാലെ മൂന്ന് മീറ്റ് റെക്കോഡുകള്ക്കൂടി പിറന്നു.പറളിയുടെ ദേശീയ റെക്കോര്‍ഡോടെയായിരുന്നു അറുപത്തിയൊന്നാമത് സ്കൂള്‍ കായികമേളയ്ക്ക് തുടക്കം കുറിച്ചത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്കൂളിലെ പി.എന്‍. അജിത്ത് റെക്കോഡോടെ സ്വര്‍ണ്ണം നേടി. കോതമംഗലം മാര്‍ ബേസില്‍ താരം ആദര്‍ശ് ഗോപിയാണ് വെളളി നേടിയത്.