ന്യൂഡല്‍ഹി: സര്‍ക്കാരിനെ പുകഴ്ത്തുന്ന സിനിമകള്‍ക്ക് മാത്രം പ്രദര്‍ശനാനുമതി ലഭിക്കുകയുള്ളൂ എന്ന സ്ഥിതിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. വിജയുടെ പുതിയ സിനിമയായ മെര്‍സലിനെ ബിജെപി എതിര്‍ക്കുന്ന നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് ചിദംബരം ഇങ്ങനെ പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Notice to film makers: Law is coming, you can only make documentaries praising government’s policies.
— P. Chidambaram (@PChidambaram_IN) October 21, 2017
സിനിമാക്കാര് ശ്രദ്ധിക്കുക: അധികം വൈകാതെ സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്ത്തുന്ന സിനിമകള്‍ മാത്രമേ നിര്‍മിക്കാവൂ എന്ന നിയമം വരും. മെര്‍സല്‍ എന്ന ചിത്രത്തിലെ സംഭാഷണങ്ങള്‍ നീക്കംചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴാണ് പരാശക്തി റിലീസ് ചെയ്തിരുന്നതെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ആലോചിച്ചു നോക്കൂ- എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.
BJP demands deletion of dialogues in ‘Mersal’. Imagine the consequences if ‘Parasakthi’ was released today.
— P. Chidambaram (@PChidambaram_IN) October 21, 2017
ശിവാജി ഗണേശന് നയകനായി 1952-ല്‍ പുറത്തിറങ്ങിയ പരാശക്തി എന്ന തമിഴ് ചിത്രം ആചാരാനുഷ്ടാനങ്ങളെ ശക്തമായി വിമര്‍ശിച്ചിരുന്നു. കരുണാനിധിയുടേതായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ. ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി അന്ന് ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് ചിദംബരം തന്റെ ട്വീറ്റില്‍ പരാശക്തിയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജി.എസ്.ടിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പി അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.