ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ ഡിഎന്‍എ ശേഖരിക്കുന്നു

0
41

ന്യൂഡല്‍ഹി: മാസൂളിലെ ഐഎസ് പ്രവര്‍ത്തകര്‍ മൂന്ന് വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളില്‍ നിന്നും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നു. വിദേശ കാര്യ മന്ത്രാലയമാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്.

സിറിയയിലേക്കും ഇറാഖിലേക്കുമായി ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ അയയ്ക്കുന്നത്. ഐഎസ് ശക്തികേന്ദ്രങ്ങളില്‍ നിന്ന് മോചിപ്പിച്ച ആളുകളുമായും കണ്ടെടുത്ത മൃതദേഹങ്ങളുമായും ഒത്തു നോക്കാനാണ് ഡിഎന്‍എ സാമ്പിളുകള്‍ അയക്കുന്നത്.

തട്ടികൊണ്ടുപോയ 40 പേരില്‍ ഒരാള്‍ രക്ഷപ്പെട്ടു. ബാക്കി 39 പേര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചുവോ എന്ന അറിവ് ഇതുവരെ ലഭിച്ചിട്ടില്ല. തെളിവുകള്‍ ലഭിക്കാത്തിടത്തോളം കാലം 39പേരും മരിച്ചുവെന്ന അനുമാനത്തിലെത്തുന്നത് പാപമാണെന്ന സുഷമ സ്വരാജിന്റെ പ്രസ്താവന വന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് നടപടി.ട

അവരെ കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ നമുക്ക് വേണം. ഇതിനായി പ്രാദേശിക ഭരണകൂടവുമായി നമ്മള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഡിഎന്‍എ സാമ്പിളുകള്‍ ലഭിച്ചാല്‍ അത് അവിടെ കസ്റ്റഡിയിലുള്ള ആളുകളുമായും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായും ഒത്തു നോക്കി മരിച്ചോ ഇല്ലയോ എന്ന തീരുമാനത്തിലെത്താന്‍ കഴിയും’, വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

ഐ എസ് തട്ടിക്കൊണ്ടുപോയവരില്‍ 39 ഇന്ത്യക്കാരില്‍ 25 പേരും പഞ്ചാബികളാണ്. അതിനാല്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ പഞ്ചാബ് സര്‍ക്കാരിന് വിദേശ കാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമൃത്സര്‍ മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച്ച 7 അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ സാമ്പിളുകള്‍ നല്‍കാന്‍ പോയിരുന്നു.

എന്നാല്‍ സൂക്ഷിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങളില്ലാത്തതിനാല്‍ ഇന്നലെ ഡിഎന്‍എ സാമ്പിളുകള്‍ എടുക്കാന്‍ സാധിച്ചിട്ടില്ല. പ്രശ്നം പരിഹരിച്ച് ഞാറാഴ്ച്ച സാമ്പിളുകള്‍ ശേഖരിക്കും.

രണ്ട് സാമ്പിളുകള്‍ വീതം ഓരോ ആളുകളുടെ ബന്ധുക്കളില്‍ നിന്നും ശേഖരിക്കാന്‍ വിദേശ കാര്യ മന്ത്രാലയം തഹസില്‍ദാര്‍ക്കും പഞ്ചാബ് സര്‍ക്കാരിനും അയച്ച കത്തില്‍ പറയുന്നുണ്ട്. ഒന്ന് ബാഗ്ദാദിലേക്കയക്കാനും മറ്റൊന്ന് സര്‍ക്കാരിന് ഡിഎന്‍എ റിപ്പോര്‍ട്ട് തയ്യാറാക്കാനുമാണിത്.

ഐഎസിന്റെ പിടിയില്‍ നിന്ന് മോചിതമായ മൊസൂളിലും ബാദുഷില്‍ നിന്നുമായി കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവിടെയുള്ള മൃതദേഹാവശിഷ്ടങ്ങളുമായും സാമ്പിളുകള്‍ ഒത്തു നോക്കും.

2014 ജൂണ്‍ലാണ് ഐഎസ് 40 പേരെ തട്ടിക്കൊണ്ടു പോകുന്നത്. ഇതില്‍ ഒരാളായ ഹര്‍ജിത്ത് മാസി നാടകീയമായി രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു. ബാക്കി 39 പേരെയും ഐഎസ് വെടിവെച്ച് കൊന്നു എന്നാണ് ഇയാള്‍ സര്‍ക്കാരിനോട് പറഞ്ഞത്. എന്നാല്‍ ഇത് വിദേശ കാര്യ മന്ത്രാലയം വിശ്വാസത്തിലെടുത്തിട്ടില്ല.