റാഞ്ചി: ജാര്‍ഖണ്ഡില്‍ പട്ടിണി മൂലം മരിച്ച പെണ്‍കുട്ടിയുടെ അമ്മ കൊയ്ലി ദേവിക്ക് നേരെ ഗ്രാമവാസികളുടെ കൈയേറ്റം. കൊയ്ലി ദേവിയുടെ മകള്‍ സന്തോഷി കുമാരിയാണ് പട്ടിണികിടന്ന് മരണമടഞ്ഞത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കുട്ടി മരിക്കുന്നത്. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് റേഷന്‍ കാര്‍ഡ് നിഷേധിച്ചതിന് പിന്നാലെ എട്ട് ദിവസം പട്ടിണി കിടന്ന സന്തോഷി മരിക്കുകയായിരുന്നു.
റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ പെണ്‍കുട്ടിയുടെ അമ്മയെ കൈയേറ്റം ചെയ്തു. ഗ്രാമവാസികളുടെ ഒറ്റപ്പെടുത്തലിനെയും ആക്രമണത്തെയും തുടര്‍ന്ന് സ്വന്തം ഗ്രാമമായ കരിമട്ടിയില്‍ നിന്ന് കുടുംബം പലായനം ചെയ്തു. പട്യാമ്പ ഗ്രാമത്തിലെത്തിയ ഇവര്‍ക്ക് തരണി സാഹു എന്ന സാമൂഹിക പ്രവര്ത്തകന് അഭയം നല്‍കുകയായിരുന്നു.
കുട്ടിയുടെ മരണം ഗ്രാമത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നും പ്രശ്നങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍ വിതരണത്തെ ബാധിക്കുമെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നാണ് പൊലീസ് പറയുന്നത്. സംഭവം വാര്‍ത്തയായതോടെ ഇവരെ പൊലീസ് സംരക്ഷണത്തോടെ തിരികെ ഗ്രാമത്തിലെത്തിച്ചു.
എന്നാല്‍ വിവരം പുറത്തുവന്നത് കുറച്ചുകഴിഞ്ഞാണ്. മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ പ്രദേശത്തെ റേഷന്‍ വിതരണക്കാരന്റെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊയ്ലി ദേവിക്ക് നേരെ കൈയേറ്റശ്രമം ഉണ്ടായത്.
റേഷന്‍ വിതരണക്കാരുടെ ആളുകളും നാട്ടിലെ ചിലരുമാണ് ആക്രമണത്തിന് പിന്നില്‍. എന്നാല്‍ സന്തോഷി മരിച്ചത് മലേറിയ ബാധിച്ചാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതിന്റെ പേരില്‍ പ്രദേശത്തെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകയെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തന്റെ മകള്‍ അസുഖം ബാധിച്ചല്ല മരിച്ചതെന്നും അവസാനമായി തന്നോട് ആഹാരമാണ് ആവശ്യപ്പെട്ടതെന്നും കൊയ്ലി ദേവി പറയുന്നു.
ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിക്കുന്ന മനോഭാവമാണ് സന്തോഷ് കുമാരിയുടെ കുടുംബത്തോട് ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ കാണിച്ചത്. ജാര്‍ഖണ്ഡിനെ കൂടാതെ രാജസ്ഥാന് ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ റേഷന്‍ കാര്‍ഡ് നിഷേധിക്കപ്പെട്ട സംഭവങ്ങളുണ്ട്. സര്‍ക്കാര്‍ നടപടിയ്ക്കെതിരെ ശക്തമായി മുന്നോട്ടു പോകനാണ് ഫുഡ് ക്യാംപെയ്ന് ആക്ടിവിസ്റ്റുകളുടെ തീരുമാനം.