തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്‍റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല: മാമുക്കോയ

0
72

ഇതുവരെ വര്‍ഗ്ഗീയവാദം പറഞ്ഞുനടന്നവരൊക്കെ ഇപ്പോള്‍ ഐക്യത്തേപ്പറ്റി പറഞ്ഞുതുടങ്ങിയിരിക്കുന്നുവെന്ന് ചലച്ചിത്ര താരം മാമുക്കോയ.ആര്‍ക്കും ഒരു അഭിപ്രായവും പറയാന്‍ പറ്റാത്ത കാലമാണ്. ഒരാള്‍ക്ക് പറയാനുള്ളത് മറ്റൊരാള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ ഉടനെ വകവരുത്തുകയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. samakalikamalayalam.comലെ നിലപാട് എന്ന കോളത്തിലാണ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

ചേകന്നൂര്‍ മൗലവിയെ കൊന്നത് അദ്ദേഹം ആരേയും ഉപദ്രവിച്ചിട്ടും കൊന്നിട്ടുമല്ല, അദ്ദേഹത്തിന്റെ ആശയങ്ങള്‍ തുറന്നുപറഞ്ഞിട്ടാണ്.അതിനേക്കാള്‍ ശക്തമാണ് നിലവിലെ അവസ്ഥ എന്നും അദ്ദേഹം പറയുന്നു.തനിക്ക് തന്റെ ഉള്ളിലുള്ളത് തുറന്നുപറയാനാവില്ല.അങ്ങനെ പറഞ്ഞതിനാണ് നിലമ്ബൂര്‍ അയിഷയും വിപി സുഹറയുമൊക്കെ കുടുംബത്തിലും സമുദായത്തിലും നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്.

ഫോട്ടോ പണ്ട് ഹറാമായിരുന്നുവെന്നും ഹജ്ജിനുപോകാന്‍ പാസ്പോര്‍ട്ട് എടുക്കാന്‍ ഫോട്ടോ വേണ്ടിവന്നപ്പോള്‍ ഫോട്ടോ ഹലാലായതും അദ്ദേഹം രസകരമായി അവതരിപ്പിക്കുന്നു. വലിയ വലിയ തങ്ങള്‍മാര്‍ മേക്കപ്പ് ചെയ്ത് ടിവി ചര്‍ച്ചകള്‍ക്ക് വരുന്നതും മതപരമായ കാരണങ്ങളാല്‍ സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഒതുങ്ങിയതും ലേഖനത്തില്‍ മാമുക്കോയ എടുത്തുപറയുന്നുണ്ട്.

അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല. അങ്ങനെയൊരു തല്ലിപ്പൊളി മതത്തില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല. എനിക്ക് എന്റേതായ ഉറച്ച അഭിപ്രായവും വിശ്വാസവും ഉണ്ട്. ഞാനും എന്നെ സൃഷ്ടിച്ചവനുമായുള്ള ബന്ധം മാത്രമാണ് എന്റെ വിശ്വാസവും മതവുമൊക്കെ’, എന്നാണ് അദ്ദേഹം പറഞ്ഞത്.