തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം; അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു, നടപടിക്ക് ശുപാര്‍ശ

0
33

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശനിയാഴ്ച രാത്രി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യനാണ് കലക്ടര്‍ ടി.വി. അനുപമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ലഭിച്ചതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്ഥിരീകരിക്കുകയും ചെയ്തു. ബോയ സ്ഥാപിക്കാന്‍ ആര്‍ഡിഒ നല്‍കിയ അനുമതി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

റിസോര്‍ട്ടിന് മുന്നിലെ പാര്‍ക്കിംങ് അപ്രോച്ച് റോഡും നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. റിപ്പോര്‍ട്ട് തയ്യാറാക്കിയത് രേഖകളും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ചതിന് ശേഷമാണ്. കൂടുതല്‍ നിയമലംഘനങ്ങള്‍ നടന്നതായും സൂചനയുണ്ട്.

ഇടക്കാല റിപ്പോര്‍ട്ട് ശരിവക്കുന്നതാണ് സമഗ്ര റിപ്പോര്‍ട്ട് എന്നാണ് വിവരം. നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മണ്ണിട്ട് നികത്തിയ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഉണ്ട്.

മന്ത്രി ഇ. ചന്ദ്രശേഖരന്‍ എല്‍.ഡി.എഫ് ജാഥയുമായി ബന്ധപ്പെട്ട് കാസര്‍കോടാണ്. അതിനാല്‍ മന്ത്രി റിപ്പോര്‍ട്ട് കണ്ടിട്ടില്ല. റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, കലക്ടറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ലേക്ക് പാലസിനു സമീപം പരിശോധന നടത്തിയിരുന്നു. ദേശീയ ജലപാത ആഴം കൂട്ടുന്നതിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണ് റിസോര്‍ട്ട് ഉടമകളുമായി ബന്ധമുള്ള വ്യക്തിയുടെ പാടശേഖരത്തില്‍ നിക്ഷേപിച്ചു എന്നാണ് ആക്ഷേപം.