തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല

0
32

തിരുവനന്തപുരം: ഭൂമി കൈയേറ്റ കേസില്‍ ആരോപണ വിധേയനായ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി അധികാരത്തില്‍ തുടരുന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ അന്തിമ റിപ്പോര്‍ട്ട് ശനിയാഴ്ച രാത്രിയാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന് സമര്‍പ്പിച്ചത്. ബോയ സ്ഥാപിക്കാന്‍ ആര്‍ഡിഒ നല്‍കിയ അനുമതി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

ലേക് പാലസിലെയും മാര്‍ത്താണ്ഡം കായലിലെയും കയ്യേറ്റം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ടാണ് കളക്ടര്‍ സമര്‍പ്പിച്ചത്. മാര്‍ത്താണ്ഡം കായലില്‍ ഒന്നരമീറ്ററോളം പൊതു വഴി കയ്യേറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നടപടിയുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

റവന്യു ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടില്‍ പാര്‍ക്കിങ്ങിനായി സ്ഥലം ഒരുക്കിയത് നിലം നികത്തിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ റിസോര്‍ട്ട് അധികൃതര്‍ തന്നെ കയ്യേറ്റ വിവരം സമ്മതിച്ചിട്ടുണ്ട്. 50 സെന്റിനടുത്ത് നികത്തിയെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ മന്ത്രിയുടെ പേരിലുള്ള ഭൂമിയിലല്ല സഹോദരിയുടെ പേരിലുള്ള ഭൂമിയിലാണ് നികത്തല്‍ നടന്നിട്ടുള്ളത്.

നിലം നികത്തിയ വസ്തുവിന്റെ ഉടമക്കെതിരെ നടപടിയെടുക്കണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് റവന്യു വകുപ്പാണ്. ‘കുറ്റകരമായ റവന്യു ലംഘനമാണ് ലേക്പാലസില്‍ നടന്നത്. മാര്‍ത്താണ്ഡം കായല്‍ വിഷയത്തിലും നടപടിയുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

ഇടക്കാല റിപ്പോര്‍ട്ട് ശരിവക്കുന്നതാണ് സമഗ്ര റിപ്പോര്‍ട്ട് എന്നാണ് വിവരം. നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മണ്ണിട്ട് നികത്തിയ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഉണ്ട്.

എല്‍ഡിഎഫ് ജാഥയുമായി ബന്ധപ്പെട്ട് മന്ത്രി ഇ.ചന്ദ്രശേഖരന്‍ കാസര്‍കോട് ആയതിനാല്‍ മന്ത്രി റിപ്പോര്‍ട്ട് കണ്ടിട്ടില്ല. റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, കലക്ടറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ലേക്ക് പാലസിനു സമീപം പരിശോധന നടത്തിയിരുന്നു. ദേശീയ ജലപാത ആഴം കൂട്ടുന്നതിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണ് റിസോര്‍ട്ട് ഉടമകളുമായി ബന്ധമുള്ള വ്യക്തിയുടെ പാടശേഖരത്തില്‍ നിക്ഷേപിച്ചു എന്നാണ് ആക്ഷേപം.