എം.മനോജ് കുമാര്‍
തിരുവനന്തപുരം: ചില സാങ്കേതിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ജനതാദള്‍ യുണൈറ്റഡ്-ജനതാദള്‍ സെക്യുലര്‍ ലയനം കേരളത്തില്‍ നീണ്ടുപോകുന്നതെന്ന് സെക്യുലര്‍ സംസ്ഥാന പ്രസിഡനറും ചിറ്റൂര്‍ എംഎല്‍എയുമായ കെ.കൃഷ്ണന്‍കുട്ടി.
ആര് ഏതു പാര്‍ട്ടിയില്‍ എങ്ങിനെ ലയിക്കണമെന്ന് ഒരു തര്‍ക്കവിഷയമായി തുടരുന്നു. പക്ഷെ ജനതാദളുമായി യോജിക്കുന്ന കാര്യത്തില്‍ ജെഡിയുവില്‍ നിലവില്‍ കാര്യമായ എതിര്‍പ്പ് ഉണ്ടെന്നു തോന്നുന്നില്ല. ജെഡിയു ദേശീയ തലത്തില്‍ രണ്ടായി മാറിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടും വളരെയധികം വിഷയങ്ങള്‍ ജെഡിയുവിലുണ്ട്-കൃഷ്ണന്‍കുട്ടി 24 കേരളയോട് പറഞ്ഞു.
ജെഡിയു ശരദ് യാദവ് പക്ഷത്താണെന്ന് തീരുമാനമെടുത്തിട്ടുണ്ട്. പക്ഷെ ദേശീയതലത്തില്‍ ആ പാര്‍ട്ടിക്ക് മുന്നില്‍ പ്രശ്നങ്ങള്‍ ഒഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ജനതാദള്‍ സെക്യുലറുമായി ലയിക്കുന്നതിനേക്കാള് ജെഡിയു പ്രാധാന്യം നല്‍കുന്നത് ഇടതു മുന്നണിയില്‍ ഘടകകക്ഷിയാകുന്നതിന്നാണ് എന്നാണു ഞങ്ങള്‍ക്ക് തോന്നുന്നത്.
യുഡിഎഫ് വിടണം എന്ന കാര്യത്തില്‍ ജെഡിയുവില്‍ ശക്തമായ വാദമുണ്ട്. ഇടത് മുന്നണി ഘടകകക്ഷിയാകാനുള്ള ശ്രമങ്ങള്‍ ജെഡിയു ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട് എന്ന് ഞങ്ങള്‍ക്ക് നേരിട്ടറിയാവുന്ന കാര്യമാണ്. ജെഡിയു കൂടി ഇടതു മുന്നണി ഘടകകക്ഷിയാകുന്നതില്‍ ജനതാദള്‍ സെക്യുലറിന് എതിര്‍പ്പില്ല. താമസിയാതെ തന്നെ ജെഡിയു ഇടത് മുന്നണിയില്‍ വന്നേക്കും എന്നാണു ഞങ്ങള്‍ കരുതുന്നത്-കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിയില്‍ ആലസ്യമില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ ശക്തിപ്പെടുത്താന്‍ ജില്ലാതല കണ്‍വെന്‍ഷനുകള്‍ ഉടനടി വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
ജെഡിയു-ജനതാദള്‍ സെക്യുലര്‍ ലയനകാര്യത്തില്‍ ജനതാദളില്‍ പരസ്പരം നിലനിന്നിരുന്ന എതിര്‍പ്പുകള്‍ അപ്രത്യക്ഷമായിരിക്കുന്നെന്ന് കൃഷ്ണന്‍കുട്ടിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്. ജെഡിയു ഇടത് മുന്നണിയിലേക്ക് എന്ന് തീരുമാനമെടുത്താല്‍ ആ പ്രക്രിയയുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ നിലവില്‍ ഇടതുമുന്നണി ഘടകക്ഷിയായി തുടരുന്ന ജനതാദള്‍ സെക്യുലറിന്റെ നിലപാട് സഹായിക്കും.
സോളാറില്‍ കുടുങ്ങി തകര്‍ന്നു കിടക്കുന്ന യുഡിഎഫില്‍ നിന്നും കഴിയും വേഗം പുറത്തുകടക്കാനാണ് തങ്ങളുടെ ശ്രമമെന്നു ഉന്നത ജെഡിയു നേതാക്കള്‍ 24 കേരളയോട് പ്രതികരിച്ചിരുന്നു.
കെ.പി.മോഹനന്റെയും മനയത്ത് ചന്ദ്രന്റെയും എതിര്‍പ്പ് കാരണമാണ് ജെഡിയു യുഡിഎഫില്‍ തന്നെ തുടരുന്നത്. ഒരുവേള യുഡിഎഫ് വിടാന്‍ ജെഡിയു തീരുമാനമെടുത്തപ്പോള്‍ കടുത്ത എതിര്‍പ്പുമായി മറുപക്ഷത്ത് നിന്നത് കെ.പി.മോഹനനും മനയത്ത് ചന്ദ്രനുമായിരുന്നു. ജെഡിയുവില്‍ ഒരു പിളര്‍പ്പ് ഒഴിവാക്കാനാണ് അന്ന് പാര്‍ട്ടി യുഡിഎഫില്‍ തന്നെ ഉറച്ചു നിന്നത്.