ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആര്‍ബിഐ ഉത്തരവിനെതിരെ ഹര്‍ജി

0
38


ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കി കൊണ്ടുള്ള ആര്‍ബിഐ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി.

സ്വകാര്യത വിധിയുടെ ലംഘനമാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദേശമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കല്യാണി മേനോന്‍ സെന്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ നമ്പറുകളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തെയും ഇവര്‍ എതിര്‍ക്കുന്നുണ്ട്​.

ബാങ്ക്‌അക്കൗണ്ടുകളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെണ് റിസര്‍വ്ബാങ്ക്‌ഓഫ്‌ഇന്ത്യ(ആര്‍ബിഐ) വ്യക്തമാക്കിയിരുന്നു.ഇത് അനിവാര്യമല്ലെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് വിശദീകരണം.

നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഡിസംബര്‍ 31നകം ആധാറുമായി ബന്ധിപ്പിക്കണം.ഇല്ലെങ്കില്‍ അസാധുവാകും, ആര്‍ബിഐ വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് വിവരാവകാശ നിയമം പ്രകാരം നല്‍കിയ മറുപടിയില്‍ ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാണെന്ന്​ 2017 ജൂണ്‍ ഒന്നിലെ ഗസറ്റ്​ വിജ്ഞാപനം വ്യക്​തമാക്കുന്നതായും ആര്‍.ബി.ഐ വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചിരുന്നു.

അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാവിധ പണമിടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രം ഉത്തരവിട്ടിരുന്നു. ഡിസംബര്‍ 31 ആണ് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. അല്ലാത്തപക്ഷം അക്കൗണ്ടുകള്‍ വഴിയുള്ള പണമിടപാടുകള്‍ മരവിപ്പിക്കപ്പെടും എന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചാണ്​ സ്വകാര്യത മൗലികാവകാശമാക്കിയുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത്​. ആര്‍.ബി.​ഐയുടെ പുതിയ ഉത്തരവ്​ ഇൗ വിധിയുടെ ലംഘനമാണെന്നാണ്​ വാദം.