(ഇന്ത്യന്‍ അനാലിസിസ്.കോമില് മൊഹ്സിന ഷാഹു എഴുതിയ ലേഖനത്തിന്റെ മലയാളം പരിഭാഷ. പരിഭാഷ നിര്‍വഹിച്ചത് ആരതി)
വിജയിന്റെ ദീപാവലി ചിത്രമായ മെര്‍സല്‍ ചിത്രത്തിന് തമിഴ്നാട് ബിജെപി ഘടകത്തില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഏല്‍ക്കേണ്ടി വന്നത്. വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ മെര്‍സലില്‍ നിന്ന് പല ഭാഗങ്ങളും സെന്‍സര്‍ ചെയ്ത് നീക്കം ചെയ്യേണ്ടിയും വന്നു. എന്നാല്‍ ചിത്രത്തിനു വേണ്ടി സംസാരിക്കാന്‍ ഒട്ടനവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തമിഴ് ജനതയെ സംബന്ധിച്ച് സിനിമ ഒരു വിനോദോപാധി മാത്രമല്ല വികാരവും കൂടിയാണ്. മറ്റ് എന്തിനേക്കാളും തമിഴ് ജനതയെ സ്വാധീനിക്കാന്‍ സിനിമയ്ക്കാകും.
കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്നപദ്ധതികളായ ഡിജിറ്റല്‍ ഇന്ത്യ, ജിഎസ്ടി തുടങ്ങിയവയെയാണ് ചിത്രത്തില്‍ വിമര്‍ശിച്ചിരിക്കുന്നത്. ബിജെപി നേതാവായ എച്ച്.രാജയാകട്ടെ വിജയിയെ ക്രിസ്ത്യന്‍ നടന് എന്നാണ് വിശേഷിപ്പിച്ചത്. വിജയിന്റെ മുഴുവന്‍ പേരായ ജോസഫ് വിജയ് എന്ന് പറഞ്ഞതിലൂടെ അദ്ദേഹം ഒരു ക്രിസ്ത്യനാണെന്ന് പരോഷമായി സൂചിപ്പിക്കുക കൂടിയാണ് മന്ത്രി ചെയ്തത്.
ഇന്ത്യന്‍, സിംഗപ്പൂര്‍ ജിഎസ്ടി മാതൃകകളെ താരതമ്യം ചെയ്യുന്ന രംഗങ്ങള്‍ ബി.ജെ.പിയ്ക്കുള്ള
അടിയായിരുന്നു. രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുന്നതിന് തുല്യമായിരുന്നു ഇത്. ബി.ജെ.പിയുടെ പെട്ടെന്നുള്ള പ്രതികരണവും പ്രതിഷേധവും ഈ വിമര്‍ശനങ്ങള്‍ അവരുടെ നെഞ്ചിലാണ് തറച്ചതെന്നതിന്റെ കൃത്യമായ തെളിവാണ്.
തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളും അടക്കി ഭരിച്ചിരുന്ന ‘പുരട്ച്ചി തലൈവി’ ജയലളിതയുടെ മരണം ബി.ജെ.പിയുടെ സ്വപ്നങ്ങള്‍ കൂടുതല്‍ വര്‍ണാഭമാക്കി. ഐ.എ.ഡി.എം.കെ, ദ്രാവിഡ മണ്ണില്‍ ചോദ്യം ചെയ്യപ്പെടണമെന്നും കലഹങ്ങളുണ്ടാകണമെന്നും ബി.ജെ.പി നേതൃത്വം ആഗ്രഹിക്കുന്നുണ്ട്.
രാഷ്ട്രീയത്തിലേക്ക് കമല്ഹാസന് പ്രവേശിക്കാനുള്ള സാധ്യതയും മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് വധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുലര്‍ത്തുന്ന നിശബ്ദതയ്ക്കെതിരെ പ്രകാശ് രാജ് ഉയര്‍ത്തിയ വിമര്‍ശനങ്ങളും അവസാനമായി മെര്‍സലിലൂടെ തമിഴ്നാട്ടിലെ ഇളയദളപതി ഉയര്‍ത്തുന്ന ആരോപണങ്ങളും ബി.ജെ.പി ഭയക്കുന്നുണ്ട്.
നോട്ട് നിരോധനം, ജിഎസ്ടി, കര്‍ഷകരുടെ പ്രശ്നങ്ങള്‍, ഗോരഖ്പൂരിലെ ശിശുമരണങ്ങള്‍ എന്നിവയാണ് ചിത്രത്തില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്. ഇത് പ്രേക്ഷകരിലുണ്ടാക്കുന്ന ‘നെഗറ്റീവ് ഇംപ്രഷന്‍’ തമിഴ്നാട് രാഷ്ട്രീയത്തില്‍ വന്ശക്തിയാകുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് ബി.ജെ.പിയ്ക്ക് അറിയാം. തമിഴ് ജനതയ്ക്ക് സിനിമയുടേയും ജീവിതത്തിന്റെയും അതിരുകള്‍ നേര്‍ത്തതായതിനാല്‍ പ്രത്യേകിച്ചും.
വിജയിന്റെ പിതാവായ എസ്.എ ചന്ദ്രശേഖര്‍ വിവാദങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ”ജനങ്ങളെ ബാധിക്കുന്ന എന്തിനെയും വിമര്‍ശിക്കാം. അത് ആശയപ്രകടനത്തിനുള്ള സ്വാതന്ത്ര്യമാണ്.” പല ബി.ജെ.പി നേതാക്കളും ഇതിനകം തന്നെ ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിമര്‍ശിക്കുകയും തീരുമാനങ്ങള്‍ പരാജയമായിരുന്നുവെന്ന് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിനുള്ള കാരണമായി ജി.എസ്.ടിയെയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ രാജ്യത്തിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ കലാകാരന്മാര്ക്കും ബാധ്യതയുണ്ട് എന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
മെര്‍സലില്‍ കൂടുതല്‍ വെട്ടിത്തിരുത്തുകള്‍ ആവശ്യപ്പെടുന്ന ബിജെപി വക്താക്കളെ ചിത്രത്തിന് സിബിഎഫ്സിയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടുള്ള കാര്യം അദ്ദേഹം ഓര്‍മപ്പെടുത്തി. ‘ സെന്‍സര്‍ ബോര്‍ഡില്‍ എല്ലാ പാര്‍ട്ടികളിലെയും അംഗങ്ങളുണ്ട്. എല്ലാവരും സിനിമയെ അവലോകനം ചെയ്യും. എന്തെങ്കിലും തരത്തിലുള്ള അധിക്ഷേപം ഉണ്ടെങ്കില്‍ അവര്‍ അറിയിക്കുകയും ചെയ്യും. സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാല്‍ ബോര്‍ഡിന്റെ തീരുമാനത്തെ വിമര്‍ശിക്കാന്‍ ആര്‍ക്കും കഴിയില്ല. സെന്‍സര്‍ ബോര്‍ഡ് അനുമതി കിട്ടിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുമുണ്ട്”-ചന്ദ്രശേഖര്‍ പറയുന്നു.
കമല്ഹാസന് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനൊപ്പം തന്റെ രാഷ്ട്രീയപ്രവേശനവും സാധ്യമാക്കാനാണ് വിജയ് പഞ്ച് ഡയലോഗുകളിലൂടെ ശ്രമിക്കുന്നതെന്നും ബി.ജെ.പി വാദിക്കുന്നു. ഒരു പരിധി വരെ അത് യാഥാര്‍ത്ഥ്യവുമാണ്. എം.ജി രാമചന്ദ്രന് എന്ന എം.ജി.ആറും തമിഴ് ജനതയുടെ അമ്മയായ ജയലളിതയും എം. കരുണാനിധിയും താരപദവിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതും മുഖ്യമന്ത്രി കസേര സ്വന്തമാക്കിയതും.
ബിജെപിയുടെ ഹിന്ദുത്വ സമീപനത്തെ ഒരിക്കലും സ്വീകരിക്കാത്ത ആളാണ് വിജയ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് കൂടിയായ ഖുശ്ബുവുമായി അടുത്ത സൗഹൃദവും വിജയിനുണ്ട്.
രജനീകാന്തിനെ തങ്ങളിലേയ്ക്ക് അടുപ്പിക്കാന്‍ ബി.ജെ.പി കാര്യമായി ശ്രമിക്കുന്നുണ്ട്. ഒന്നുകില്‍ പാര്‍ട്ടിയില്‍ ചേരണമെന്നും അല്ലെങ്കില്‍ സ്വതന്ത്ര പാര്‍ട്ടിയുണ്ടാക്കി തങ്ങളോടൊപ്പം നില്‍ക്കണമെന്നുമാണ് അവര്‍ രജനീകാന്തിനോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.
തീര്‍ച്ചയായും എന്റെ നിറം കാവിയല്ല എന്ന് പറഞ്ഞ കമല്‍ഹാസനും മോദിക്കെതിരെ സംസാരിക്കുന്ന പ്രകാശ് രാജും വിജയിന്റെ സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള സിനിമാസംഭാഷണങ്ങളും ബി.ജെ.പിയെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.
കോണ്‍ഗ്രസും ഡിഎംകെയും ഈ അവസരം നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ എഐഎഡിഎംകെ ഭരണത്തില്‍ അതൃപ്തരായ തമിഴ് ജനത ബി.ജെ.പിയെ നിരസിച്ചേക്കും. മെര്‍സലിനെതിരെ ബിജെപി നടത്തുന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ബൂമറാങ്ങ് ആകാനാണ് എല്ലാ സാധ്യതയും.