ഉന്നതര്‍ക്കെതിരെ നിയമനടപടിക്ക് വിലക്ക്; രാജസ്ഥാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം വ്യാപകം

0
38

ജയ്പൂര്‍: ജനപ്രതിനിധികള്‍ക്കും ജഡ്ജിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമ നടപടി കൈക്കൊള്ളുന്നതിന് വിലക്കേര്‍പ്പെടുത്തിയ രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം രൂക്ഷമായി. നിയമവിരുദ്ധമായ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ കോണ്‍ഗ്രസ് നിയമസഭാ നടപടികള്‍ സ്തംഭിപ്പിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഓര്‍ഡിനന്‍സെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചു. സ്വതന്ത്രമായി വാര്‍ത്തകള്‍ നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങളേയും വിലക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഓര്‍ഡിനന്‍സിനെതിരെ എഡിറ്റേഴ്സ് ഗില്‍ഡും രംഗത്തെത്തി.

നിയമസഭയുടെ നടപ്പു സമ്മേളനത്തില്‍വെച്ച് ഓര്‍ഡിനന്‍സ് നിയമമാക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഓര്‍ഡിനന്‍സ് അംഗീകരിക്കാനാകില്ലെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസ് പ്രതിഷേധിച്ചു. അഴിമതിക്കാരെ സംരക്ഷിക്കുക വഴി സ്വന്തം നേതാക്കളുടെ മുഖം രക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ പറഞ്ഞു. പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞു.

അഴിമതി കേസുകളില്‍ സര്‍ക്കാരിന്റെ അനുവാദമില്ലാതെ എംഎല്‍എമാര്‍ക്കോ ജഡ്ജിമാര്‍ക്കോ എതിരെ കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സ്വീകരിക്കാന്‍ പാടില്ലെന്നാണ് പുതിയ ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നത്. മുന്‍ ജഡ്ജിമാര്‍ക്കെതിരെയുള്ള നടപടികള്‍ക്കും വിലക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും ആരോപണ വിധേയരുടെ ഫോട്ടോയോ പദവിയോ മറ്റ് വ്യക്തിപരമായ വിവരങ്ങളോ പുറത്തുവിടരുത്. നിയമം ലംഘിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് രണ്ട് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാമെന്നും ഓര്‍ഡിനന്‍സില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകനായ എകെ ജെയിന്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.