ഒരു നേരത്തെ ഭക്ഷണം; സര്‍ക്കാരിന്‍റെ പുതിയ പദ്ധതിയെത്തുന്നു

0
125

തിരുവനന്തപുരം : വിശക്കുന്നവര്‍ക്ക് ഒരുനേരത്തെ ഭക്ഷണം സര്‍ക്കാരിന്‍റെ പുതിയ പദ്ധതിയെത്തുന്നു ‘വിശപ്പുരഹിത കേരളം’. ഒരുനേരത്തെ ഭക്ഷണം വീടുകളില്‍ എത്തിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പദ്ധതി നടപ്പാക്കുന്നത്.

70 ലക്ഷം രൂപയാണ് വിശപ്പുരഹിത കേരളംത്തിന് അനുവദിച്ചിരിക്കുന്നത്.ഭക്ഷ്യ-പൊതുവിതരണവകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി.

ഒരുനേരത്തെ ഭക്ഷണത്തിന് വഴിയില്ലാത്ത കിടപ്പുരോഗികള്‍, വാര്‍ധക്യം ബാധിച്ചവര്‍, അംഗപരിമിതര്‍, സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയുടെ ഭാഗമായി വീടുകളില്‍ ഉച്ചഭക്ഷണം എത്തിക്കും. വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തി ഭക്ഷണം കഴിക്കാന്‍ കാശില്ലാതെ വലയുന്നവര്‍ക്ക് കുറഞ്ഞനിരക്കില്‍ ഭക്ഷണം നല്‍കാനായി ഭക്ഷണശാലകളും തുടങ്ങും.
കുടുംബശ്രീ യൂണിറ്റുകള്‍, സന്നദ്ധസംഘടനകള്‍, സ്വയംസഹായ സംഘങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

ഭക്ഷണശാലകള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നല്‍കും. പദ്ധതി നടപ്പാക്കുന്നതിനുമുന്നോടിയായി കലക്ടര്‍മാരുടെ സാന്നിധ്യത്തില്‍ നവംബര്‍ ആദ്യവാരം യോഗം ചേരും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തും. ഘട്ടംഘട്ടമായി എല്ലാ ജില്ലയിലേക്കും ‘വിശപ്പുരഹിത കേരളം’ പദ്ധതി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.