കടലും കടപ്പുറവും കടപ്പുറത്തുകാരും മുഖ്യധാരക്കാരല്ലല്ലോ, അപ്പോള്‍ പിന്നെ അവരെ എന്തിന് ശ്രദ്ധിക്കണം!

0
65

സിന്ധു മരിയ നെപ്പോളിയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

കടലില്‍ വെച്ചുണ്ടാകുന്ന അപകടങ്ങള്‍ ഈയിടെയായി വര്‍ദ്ധിച്ചു വരികയാണ്. ഒരു മല്‍സ്യബന്ധന ഗ്രാമത്തില്‍ നിന്നു വരുന്ന എന്നെ, അവധിക്ക് വീട്ടില്‍ വരുമ്പോഴൊക്കെ അലട്ടാറുള്ള വാര്‍ത്തയാണിത്. കഴിഞ്ഞ 11 ന് കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ വിദേശ കപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട ആറു പേരില്‍ രണ്ടു പേര്‍ മാത്രം രക്ഷപ്പെടുകയും ഒരാള്‍ മരിക്കുകയും ബാക്കി മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ഈ അപകടത്തില്‍ മരിച്ചയാള്‍, എന്റെ തൊട്ടടുത്തു തന്നെയുള്ള പൂവാര്‍ എന്ന മത്സ്യബന്ധന ഗ്രാമത്തിലുള്ള ഒരു യുവാവായിരുന്നു. കാണാതായ ബാക്കിയുള്ള മനുഷ്യരുടെ കാര്യം എല്ലാത്തവണത്തെയും പോലെ അനിശ്ചിതമായി തുടരുന്നു.

അതിനു തൊട്ടു പുറകേ, ഞാന്‍ താമസിക്കുന്ന കൊച്ചുപള്ളി ഭാഗത്തു നിന്നും മീന്‍ പിടിക്കാന്‍ പോയ ഒരാളും ശക്തമായ തിരയില്‍ കടലില്‍ വീണ് കാണാതായി. ഈ രണ്ടു സംഭവങ്ങളെയും പറ്റി ചോദിക്കാനായി കഴിഞ്ഞ ദിവസം പപ്പയെ വിളിച്ചപ്പോഴാണ് മൂന്നാമതൊന്നു കൂടി അറിഞ്ഞത്. വേളി നിവാസിയായ ഒരു മത്സ്യത്തൊഴിലാളി പനത്തുറ ഭാഗത്തു വെച്ചുണ്ടായ തിരയടിയില്‍ കടലില്‍ വീണു കാണാതായിരിക്കുന്നു.

ഇതില്‍ അവസാനം പറഞ്ഞ രണ്ടു സംഭവങ്ങളും കാലവര്‍ഷത്തിന്റെ സമയത്ത് തീരപ്രദേശങ്ങളില്‍ സാധാരണമാണ്. കടല്‍ ശക്തമായിരിക്കുന്ന ഈ കാലഘട്ടം സീസണ്‍ സമയമാണെന്നത് കൊണ്ടു തന്നെ, ഏറ്റവുമധികം പേര്‍ ജീവന്‍ കയ്യില്‍ പിടിച്ച് മത്സ്യബന്ധനത്തിനിറങ്ങുന്നു. ഏറ്റവുമധികം മരണങ്ങളും അപകടങ്ങളും ഉണ്ടാവുകയും ചെയ്യുന്നു.

ഈ മരണങ്ങള്‍ നിങ്ങളെ ഭയപ്പെടുത്താറില്ലേ? ഇതിനൊക്കെ അറുതി വരുത്താനുള്ള എന്തെങ്കിലും നടപടികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കൂടെ എന്നൊക്കെ ഇവിടെയുള്ള ഏതെങ്കിലും മത്സ്യത്തൊഴിലാളികളോട് നിങ്ങള്‍ ചോദിച്ചാല്‍ ‘പേടിച്ചോണ്ടിരുന്നാല്‍ ഞങ്ങടെ മക്കളെ പഠിപ്പിക്കാനും പെണ്‍മക്കളെ കെട്ടിച്ചു വിടാനുമൊക്കെയുള്ള കാശ് വേറാരെങ്കിലും കൊണ്ട് വന്ന് തരുമോ? സര്‍ക്കാര്‍ ഞങ്ങള്‍ മരിക്കുമ്പൊ കാശ് തരുന്നവരല്ലേ മക്കളെ, പിന്നെ ഈ മരണങ്ങള്‍ കടല് ക്ഷോഭിക്കുമ്പം ഉണ്ടാവുന്നതല്ലേ. കടലിനെ തടുക്കാന്‍ കമ്മ്യൂണിസ്റ്റുകാരനും കോണ്‍ഗ്രസ്സുകാരനുമൊന്നും പറ്റൂലല്ലോ മക്കളേ’, എന്നൊക്കെയുള്ള മറുപടിയാവും നിങ്ങള്‍ക്ക് കിട്ടുക.

കടലും പേമാരിയും ഭൂകമ്പവുമൊക്കെ പ്രതിസ്ഥാനത്ത് വരുമ്പോള്‍ ഒന്നും ചെയ്യാതെ നോക്കിയിരിക്കുന്ന പരിപാടിയാണ് നമ്മുടെ ഭരണകൂടങ്ങള്‍ ചെയ്തിരുന്നതെങ്കില്‍ 90′ ലെ വെള്ളപ്പൊക്കം പോലൊന്ന് പിന്നെയും പിന്നെയും കേരളത്തില്‍ ആവര്‍ത്തിച്ചേനെ. മഴക്കാലത്തെ കോളറകള്‍ അനേകം പേരുടെ ജീവന്‍ എടുത്തേനെ. അപ്പൊപ്പിന്നെ കഴിവില്ലാത്തതോ കഴിവു തെളിയിക്കാന്‍ പോന്ന ടെക്‌നോളജി ഇല്ലായ്മയോ ഒന്നുമല്ല, വലിയ ഉത്സാഹമൊന്നും ഈ മനുഷ്യന്മാരുടെ കാര്യത്തില്‍ വേണ്ടപ്പെട്ടവര്‍ക്കില്ല എന്നു തന്നെ പറയേണ്ടി വരും.

ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (GPS) ഒക്കെ ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ കൈക്കുള്ളില്‍ത്തന്നെ വെച്ചു കൊടുത്തിട്ടുണ്ട്. എന്നിട്ടുമെന്താണ് അവരിങ്ങനെ അപകടത്തില്‍പ്പെടുന്നതും അതറിയാന്‍ കോസ്റ്റ് ഗാര്‍ഡ് വൈകിപ്പോവുന്നതെന്നും പിന്നെ അപകടം നടന്ന വഴിയേ പോയ ബോട്ടുകാര്‍ കരയിലെത്തി അറിയിക്കുമ്പോള്‍ മാത്രം ഞങ്ങക്ക് കര്‍മ്മനിരതരാവാന്‍ പറ്റുന്നതെന്നും എത്ര ആലോചിച്ചിട്ടും ഞങ്ങക്ക് മനസിലാവുന്നില്ലാ എന്നും പറഞ്ഞ് വാ പൊളിക്കുന്നതാണല്ലോ നമ്മുടെ അധികൃതരുടെ സ്ഥിരം പതിവ്.
പിന്നെ ഇക്കൂട്ടത്തില്‍ ആദ്യം പറഞ്ഞ അപകടം വിദേശ കപ്പലിന്റെ ‘കയ്യബദ്ധം’ കൊണ്ടു സംഭവിച്ചതല്ലേ, ഈ മത്സ്യത്തൊഴിലാളികള്‍ക്ക് കപ്പലുകാരുടെ റൂട്ടിനെപ്പറ്റി അറിഞ്ഞ് പെരുമാറിക്കൂടെ? വിദേശക്കപ്പലുകള്‍ നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചക്ക് അത്യന്താപേഷിതമല്ലേ എന്നൊക്കെ ചോദിക്കുന്നവരോട്, വിഴിഞ്ഞം പോര്‍ട്ടും കൂടംകുളം ആണവ നിലയവും ആതിരപ്പള്ളി പദ്ധതിയുമൊക്കെ ഇപ്പറഞ്ഞ മാതിരി, സമ്പദ്ഘടനയെ പോഷിപ്പിക്കുന്നവയാണ്. എന്നിട്ടും അവയ്ക്കു നേരെ പ്രതിഷേധമുണ്ടായത്, അവ അവിടുത്തെ സാധാരണ മനുഷ്യര്‍ക്ക്, ആദിവാസികള്‍ക്ക്, ദളിതര്‍ക്ക് ജീവനു ഭീഷണിയുണ്ടാക്കുന്നു എന്നതു കൊണ്ടായിരുന്നു. വിദേശക്കപ്പലുകളുടെ ഭീഷണി മത്സ്യത്തൊഴിലാളികളുടെ, അതും നിങ്ങക്കൊന്നും ഒരു ബന്ധവുമില്ലാത്ത നടുക്കടലില്‍ വെച്ച് സംഭവിക്കുന്ന ഭീഷണി ആയതുകൊണ്ടായിരിക്കുമല്ലേ അതൊന്നും കണ്ടതായി പോലും ആരും ഭാവിക്കാതിരിക്കുന്നത്.

വിഴിഞ്ഞത്തെ ഫിഷിംഗ് ഹാര്‍ബറില്‍ നിന്നും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വള്ളമിറക്കി മീന്‍ പിടിക്കാന്‍ പോവുന്ന അനേകം പേരിലൊരാളാണ് എന്റെ പപ്പയും. ഇതുവരെയൊന്നും കാണാത്ത വിധത്തില്‍ വള്ളങ്ങള്‍ കൂട്ടിയിടിക്കുന്നതും മനുഷ്യന്മാരുടെ ദേഹത്തിടിക്കുകയും ചെയ്യുന്ന കാഴ്ച്ച ഇക്കൊല്ലം ഭയാനകമാം വിധം കൂടിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഇത്തവണ സീസണ്‍ പിടിക്കാന്‍ വിഴിഞ്ഞം ഹാര്‍ബറിലെത്തിയ വള്ളങ്ങളുടെ എണ്ണം കൂടിയതു കൊണ്ടാവാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇതിലുമേറെ വള്ളങ്ങള്‍ ഇവിടുന്ന് പണിക്ക് പോയിട്ടുള്ള കാലത്തും ഇങ്ങനെ തങ്ങള്‍ പേടിച്ചിട്ടില്ല എന്നവര്‍ പറയുന്നു. ഹാര്‍ബറിനകത്തെ തിരയുടെ ശക്തി കൂടിയതാണ് ഇതിനു കാരണം. ഇതിനിടയാക്കിയ അത്ഭുത പ്രതിഭാസം മറ്റൊന്നുമല്ല, വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ കടലില്‍ കല്ലിടുന്ന അഥവാ പുലിമുട്ട് നിര്‍മിക്കുന്നതാണ്. ഇതു മൂലം തിരകളുടെ സ്വാഭാവിക ചലനം തടസ്സപ്പെടുകയും തൊട്ടടുത്തുള്ള ഹാര്‍ബറില്‍ തിര കൂടുതല്‍ ശക്തിയോടെ അടിച്ചു കേറുകയുമാണുണ്ടായത്. ഇത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ മനസമാധാനത്തോടെ കടലില്‍ പണിക്കിറങ്ങാനാവില്ലെന്ന് ഇവര്‍ ഭയപ്പെടുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹാര്‍ബര്‍ പൂര്‍ണമായും നശിക്കുമെന്നും ഇവര്‍ക്ക് ആശങ്കയുണ്ട്.

ഈ പ്രശ്‌നങ്ങളൊക്കെ മുഖ്യധാരയില്‍ കൊണ്ട് വന്നാല്‍ വിഴിഞ്ഞത്തെ ഹാര്‍ബര്‍ പോയാലെന്താ, തമിഴ്‌നാടതിര്‍ത്തിയിലെ പട്ടണത്തില്‍ ഹാര്‍ബറില്ലേ, നീണ്ടകരയിലില്ലേ, അവിടെയെങ്ങാനും പോയി പണിയെടുത്ത് ജീവിച്ചൂടെ എന്നു പറയുന്നവരാണ് ചുറ്റും ഉള്ളത്. കാരണം കടലും കടപ്പുറവും കടപ്പുറത്തുകാരും മുഖ്യധാരക്കാരല്ലല്ലോ. അവരെപ്പറ്റി പറഞ്ഞാല്‍ ആര്‍ക്കെന്ത് അറ്റന്‍ഷന്‍ കിട്ടാനാണ്…!