കേന്ദ്രസഹായം ഔദാര്യമല്ല അവകാശമെന്ന് കര്‍ണാടക മുഖ്യമന്ത്രി

0
38

ബെംഗളൂരു: സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് സംബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. കേന്ദ്ര സഹായം ഔദാര്യമല്ല, സംസ്ഥാനങ്ങളുടെ അവകാശമാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. വികസനത്തിന് എതിരുനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായം അനുവദിക്കില്ലെന്ന് നേരത്തേ നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് മറുപടി നല്‍കുകയായിരുന്നു സിദ്ധരാമയ്യ. ഭരണഘടനയെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം പ്രസ്താവനകള്‍ വ്യക്തമാക്കുന്നതെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

ഞായറാഴ്ച ഗുജറാത്തിലെ വഡോദരയില്‍ വച്ചാണ് വികസനത്തിന് എതിരു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം നല്‍കില്ലെന്ന പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്. വികസനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. വികസനത്തിന് എതിരു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കില്ല. സംസ്ഥാനത്തിന്റെ വികസന താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള നിലപാട് കേന്ദ്രം സ്വീകരിച്ചതുകൊണ്ട് മാത്രമാണ് ഗുജറാത്തിന് വികസന രംഗത്ത് മുന്നേറാന്‍ കഴിഞ്ഞതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.