ഗാന്ധിജിയെയും നെഹ്‌റുവിനെയും അധിക്ഷേപിച്ച ബിജെപി എംപി വിവാദത്തില്‍

0
43


ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും ‘മാലിന്യം’ എന്ന് അധിക്ഷേപിച്ച് പ്രസംഗിച്ച ബിജെപി എംപി വിവാദത്തില്‍. അസമിലെ ജോര്‍ഹട്ടില്‍ നിന്നുള്ള ബിജെപി എംപി കാമാഖ്യ പ്രസാദ് ടെസയുടെ പ്രസംഗമാണ് വിവാദമായിരിക്കുന്നത്.

ശനിയാഴ്ച ശിവസാഗര്‍ ജില്ലയിലെ സോനാരിയില്‍ പൊതുസമ്മേളനത്തിലായിരുന്നു വിവാദ പ്രസംഗം. ഇത്രയും വര്‍ഷങ്ങളായി കോണ്‍ഗ്രസ് നെഹ്റു, ഗാന്ധി എന്നീ ‘മാലിന്യങ്ങളെ’ ജനങ്ങളുടെ മനസ്സിലേയ്ക്ക് കുത്തിനിറയ്ക്കുകയാണ് ചെയ്തിരുന്നതെന്നും അതുകൊണ്ടുതന്നെ ജനമനസ്സുകളില്‍ മറ്റൊരു സിദ്ധാന്തത്തിനും ഇടമില്ലാതായിരിക്കുന്നു എന്നുമാണ് കാമാഖ്യ പ്രസാദ് പറഞ്ഞത്. മുഖ്യമന്ത്രി ശര്‍ബാനന്ദ സോനോവാളും സമ്മേളനവേദിയിലുണ്ടായിരുന്നു.

അതേസമയം, കാമാഖ്യ പ്രസാദിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്ന് കാമാഖ്യ പ്രസാദിനെതിരെ ഗുവാഹാട്ടി പോലീസ് കേസെടുത്തു. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരെ മാലിന്യം എന്ന് അധിക്ഷേപിച്ചത് ക്ഷമിക്കാനാവാത്ത തെറ്റാണ്. എംപിയ്ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കുകണമെന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.