ഗൂഗിളിന്‍െ പിഴവ് കണ്ടെത്തി ഹാള്‍ ഓഫ് ഫെയിം പട്ടികയിലെത്തിയ തിരുവനന്തപുരത്തുകാരന്‍

0
106


തിരുവനന്തപുരം: ടെക് ഭീമനായ ഗൂഗിളിന്റെ പിഴവ് കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡിഗ്രി വിദ്യാര്‍ത്ഥിയ്ക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം ലഭിച്ചു. യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എസ്.സി കെമിസ്ട്രി മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ ജി.അഖിലിനാണ് ആഗോള ബഹുമതി ലഭിച്ചത്. ഓട്ടോ ഡ്രൈവറായ ഗോപകുമാറിന്റെയും സുനികുമാരിയുടെയും മകനാണ്. അഖില്‍ വിതുര സ്വദേശിയാണ്.

സാങ്കേതിക സംവിധാനങ്ങളിലെ പിഴവ് കണ്ടെത്തുന്നവരെയാണ് ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി, പിഴവ് കണ്ടെത്തിയതായി ഔദ്യോഗികമായി അറിയിക്കുമ്പോള്‍ ഗൂഗിളിന്റെ പാനല്‍ പരിശോധിച്ചശേഷം സ്ഥിരീകരിച്ചാല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. പിഴവിന്റെ ഗൗരവവും എണ്ണവും നോക്കിയാണ് പ്രതിഫല തുക കണക്കാക്കുന്നത്.

എത്തിക്കല്‍ ഹാക്കിങ്ങിനെക്കുറിച്ച് മനസിലാക്കിയ ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി ഇതിനുള്ള ശ്രമത്തിലായിരുന്നെന്ന് അഖില്‍ പറയുന്നു. ഗൂഗിള്‍ അടുത്ത കാലത്ത് ഏറ്റെടുത്ത എ.പി.ഐ പ്ലാറ്റ്‌ഫോമായ എ.പി.ഐ.ജി.ഇ.ഇ സൈറ്റില്‍ ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിങ് എന്ന പ്രോഗ്രാം വഴിയാണ് അഖില്‍ ഹാക്കിങ് സാദ്ധ്യമാക്കിയത്.

ബഗ്ഗുകള്‍ അഥവാ സോഫ്‌റ്റ്വെയറിലെ പിഴവുകള്‍ ഗൂഗിള്‍ പോലൊരു കമ്പനിയ്ക്കുണ്ടാക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ വലുതായതിനാലാണ് കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നത്. 13 ലക്ഷം രൂപ ലഭിക്കുമെന്നാണ് അഖില്‍ പ്രതീക്ഷിക്കുന്നത്. ബ്ലോഗര്‍ കൂടിയായ അഖില്‍ നാല് വെബ്‌സൈറ്റുകള്‍ നടത്തുന്നുണ്ട്. അവ കൂടുതല്‍ നന്നാക്കാനും അച്ഛനെ സഹായിക്കാനും തുക ഉപയോഗപ്പെടുത്താനാണ് ഉദ്ദേശ്യമെന്നും യുവാവ് പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എസ്.സി വിദ്യാര്‍ത്ഥിയായ ഗോകുലാണ് അഖിലിന്റെ സഹോദരന്‍.