ജിഷ്ണു കേസ്; അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് സുപ്രീം കോടതി

0
28

ന്യൂഡല്‍ഹി: പാമ്പാടി നെഹ്റു കൊളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്‍ഷമെടുക്കുമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

കേസില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും എത്രവര്‍ഷം വേണ്ടിവരുമെന്ന് കോടതി ചോദിച്ചത്. കേസിലെ പ്രതികളായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ എന്നിവരുട ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐ നിലപാട് വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു. സിബിഐ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല.

അതേസമയം, കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കൃഷ്ണദാസിന്റെ ഹര്‍ജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. അസുഖബാധിതയായ അമ്മയെ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കൃഷ്ണദാസ് അപേക്ഷ നല്‍കിയത്. നേരത്തേ കേരളത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും കൃഷ്ണദാസിനെ കോടതി വിലക്കിയിരുന്നു.

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മഹിജ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടെങ്കിലും അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെ സിബിഐ നിലപാട് അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മഹിജ സുപ്രീംകോടതിയെ സമീപിക്കുന്നത്. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും പൊലീസിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും മഹിജ ഹര്‍ജിയില്‍ ഉന്നയിക്കും. കേസില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന ആരോപണവും കക്ഷി ചേരാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ അറിയിക്കും.

ജിഷ്ണു മരിച്ച് പത്തുമാസമാകുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ജാമ്യത്തില്‍ ഇറങ്ങിയവര്‍ തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ട്. ജിഷ്ണുവിന്റെ രക്തപ്പാടുള്ള മുറി പൊലീസ് സീല്‍ ചെയ്തിട്ടില്ല. ജിഷ്ണു തൂങ്ങിക്കിടക്കുന്നതായി കണ്ട കൊളുത്തും തുണിയും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ലെന്നും ഡിവൈഎസ്പിയും സിഐയും സംഭവ സ്ഥലം സന്ദര്‍ശിച്ചില്ലെന്നും മഹിജ ഹര്‍ജിയില്‍ ഉന്നയിക്കും.

ഇക്കഴിഞ്ഞ ജനുവരിയിലാണ് തൃശൂര്‍ പാമ്പാടി നെഹ്റു കോളെജ് വിദ്യാര്‍ഥിയായ ജിഷ്ണു പ്രണോയിയെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയതതെന്നാണ് ഉയര്‍ന്ന ആരോപണങ്ങള്‍.