പട്ടിണി മരണം; റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന ഉത്തരവില്‍ അയവ് വരുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍

0
45

റാഞ്ചി: റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവില്‍ അയവു വരുത്തിയതായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ ഭക്ഷ്യധാന്യങ്ങള്‍ നിഷേധിക്കപ്പെട്ട കുടുംബത്തിലെ ബാലിക സന്തോഷി പട്ടിണി കിടന്നു മരിച്ച സംഭവത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ആധാറിന്റെ പേരില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന സുപ്രീം കോടതി ഉത്തരവു നിലനില്‍ക്കെത്തന്നെ, ഫെബ്രുവരി ഒന്നു മുതല്‍ ജാര്‍ഖണ്ഡില്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

ഏഴു മാസമായി റേഷനരി കിട്ടാതിരുന്ന ജല്‍ഡേഗ കരിമാട്ടി സ്വദേശി സന്തോഷി കുമാരി (11) എട്ടു ദിവസം പട്ടിണി കിടന്നാണ് മരിച്ചത്. ‘ഇനി ആധാര്‍ നിര്‍ബന്ധമല്ല. ഡ്രൈവിങ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ ഏതു കാര്‍ഡുമായി ചെന്നാലും റേഷന്‍ ധാന്യങ്ങള്‍ കിട്ടും’, ഭക്ഷ്യമന്ത്രി സരയു റോയ് പറഞ്ഞു. റേഷന്‍ സംബന്ധിച്ച പരാതികള്‍ പറയാനായി ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തി. സംഭവം വിവാദമായതിനെത്തുടര്‍ന്നു നാട്ടുകാരില്‍നിന്നു ഭീഷണിയുണ്ടെന്ന കുട്ടിയുടെ മാതാവ് കോയില ദേവിയുടെ പരാതിയില്‍ അവര്‍ക്കു സുരക്ഷ ഏര്‍പ്പെടുത്തി. കോയിലയെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കുട്ടി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ സംഘം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കുട്ടി മരിച്ചതു പട്ടിണി കൊണ്ടല്ലെന്നും മലേറിയ ബാധിച്ചാണെന്നുമാണു കണ്ടെത്തിയത്. ഇതുതന്നെയാണു രണ്ടാമത്തെ അന്വേഷണത്തിലും വ്യക്തമായതെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിനു 50,000 രൂപയുടെ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

സ്‌കൂളില്‍നിന്നു ലഭിക്കുന്ന ഉച്ചഭക്ഷണംകൊണ്ടു വിശപ്പടക്കിയിരുന്ന ബാലികയ്ക്ക് ദുര്‍ഗാപൂജയുടെ അവധി കാരണം അതും ലഭിച്ചിരുന്നില്ല. കരിമാട്ടിയില്‍ സന്തോഷിയുടേതുള്‍പ്പെടെ 10 കുടുംബങ്ങള്‍ക്കാണു റേഷന്‍ നിഷേധിച്ചിരുന്നത്. ഒരു വയസ്സുകാരനായ ഇളയ സഹോദരന് അങ്കണവാടിയില്‍നിന്നു കിട്ടുന്ന ചോറ് പൊതിഞ്ഞു കൊണ്ടുവന്നാണു പലപ്പോഴും അഞ്ചംഗ കുടുംബം വിശപ്പടക്കിയിരുന്നത്.