ഫുല്‍ഫൂര്‍ മഹാസഖ്യ രാഷ്ട്രീയത്തിന്റെ കളിത്തൊട്ടില്‍; മായാവതി ഏക പ്രതിപക്ഷ സ്ഥാനാര്‍ഥി

0
531

 

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: നിതീഷ് കുമാര്‍ ബീഹാറില്‍ തുടക്കമിട്ട മഹാസഖ്യത്തിന്റെ പുനരേകീകരണത്തിനു യുപിയിലെ ലോക്സഭാ മണ്ഡലം ഫുല്‍ഫൂര്‍ കളിത്തൊട്ടിലാകും.

ഈ ഡിസംബറില്‍ ഫുല്‍ഫൂറില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇവിടെ പ്രതിപക്ഷത്തിന്റെ ഒരേയൊരു സ്ഥാനാര്‍ഥി മാത്രമേ മത്സരത്തിനു നിലയുറപ്പിക്കുകയുള്ളൂ. ആ സ്ഥാനാര്‍ഥി ബിഎസ്പി നേതാവ് മായാവതി ആയിരിക്കും.

കോണ്‍ഗ്രസ്, ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടി, ജെഡിയു, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി തുടങ്ങിയ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യ തീരുമാനപ്രകാരമാണ് ഫുല്‍ഫൂറില്‍ മായാവതി പ്രതിപക്ഷത്തിന്റെ ഒരേയൊരു സ്ഥാനാര്‍ഥിയാകുന്നത്. ഈ മഹാസഖ്യത്തിന്റെ കണ്‍വീനര്‍ ജെഡിയു നേതാവായ ശരദ് യാദവാണ്.

മഹാസഖ്യത്തിന്‍റെ ഈ തീരുമാനത്തിനു പിന്നില്‍ ശരദ് യാദവാണ്. തീരുമാനം ഇന്ത്യയൊട്ടാകെയുള്ള 450 ഓളം ലോക്സഭാ സീറ്റുകളില്‍ നടപ്പാക്കാനാണ് മഹാസഖ്യ തീരുമാനം. ഫുല്‍ഫൂര്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്. ബിജെപി നേതാവായ കേശവ് പ്രസാദ് മൗര്യയാണ്‌ ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുപി ഭരണം ബിജെപിയുടെ പിടിയില്‍ അമര്‍ന്നപ്പോള്‍ ബിജെപി നേതൃത്വം ഡെപ്യൂട്ടി മുഖ്യമന്ത്രിയാകാന്‍ നിലവില്‍ ഫുല്‍ഫൂര്‍ എംപിയായ കേശവ് പ്രസാദ് മൗര്യയെ ക്ഷണിക്കുകയായിരുന്നു. കേശവ് പ്രസാദ് മൗര്യ ഡെപ്യൂട്ടി മുഖ്യമന്ത്രിയാകുകയും എംപി സ്ഥാനം രാജിവെയ്ക്കുകയും ചെയ്തതിനാലാണ് ഫുല്‍ഫൂറില്‍ ഉപതിരഞ്ഞെടുപ്പ് സംജാതമായത്.

ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ഇന്ത്യയുടെ ഹൃദയ ഭൂമിയായ യുപിയില്‍ തന്നെ ബിജെപിക്ക് തിരിച്ചടി നല്‍കാനാണ് മഹാസഖ്യ തീരുമാനം. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനുള്ള പ്രതിപക്ഷകക്ഷികളായ ആര്‍ജെഡി, കോണ്‍ഗ്രസ്, ശരദ് യാദവിന്‍റെ ജെഡിയു, മായാവതിയുടെ ബിഎസ്പി, സമാജ് വാദി പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ പരസ്പര സഹകരണത്തിന്റെ വേദിയാകുകയാണ് ഫുല്‍ഫൂര്‍.

ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇന്ത്യയിലൊട്ടാകെ ബിജെപിക്കെതിരെ ഒരു സ്ഥാനാര്‍ഥി എന്ന ശരദ് യാദവിന്റെ മഹാസഖ്യ തീരുമാനമാണ് ആദ്യ ഘട്ടമെന്ന നിലയില്‍ യുപിയില്‍ നടപ്പാകുന്നത്. ഈ ഫോര്‍മുലയാണ് മഹാസഖ്യം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷിക്കാനിരിക്കുന്നത്.

കേരളത്തില്‍ ഈ ഫോര്‍മുല പരീക്ഷിക്കേണ്ടതില്ലെന്നു മഹാസഖ്യം തീരുമാനമെടുത്തിട്ടുണ്ട്. കാരണം കേരളത്തില്‍ ബിജെപിക്ക് ഇനിയും കരുത്ത് തെളിയിക്കാനാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.