അഹമ്മദാബാദ്: ബിജെപിയെ വെട്ടിലാക്കി ഗുജറാത്തിലെ പട്ടീദാര്‍ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍. പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ തനിക്ക് ഒരു കോടി രൂപ നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായും ഇതിന് മുന്കൂറെന്നോണം പത്ത് ലക്ഷം രൂപ ലഭിച്ചെന്നുമാണ് നരേന്ദ്ര പട്ടേല്‍ പറയുന്നത്. പട്ടീദാര്‍ അനാമത് ആന്ദോളന് സമിതിയുടെ കണ്‍വീനറാണ് നരേന്ദ്ര പട്ടേല്‍.
പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ വലംകൈയാണ് നരേന്ദ്ര പട്ടേല്‍. ഇന്നലെ ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം രാത്രി വൈകി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് ലഭിച്ച പത്ത് ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ബാക്കി 90 ലക്ഷം രൂപ നാളെ തരാമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ റിസര്‍വ് ബാങ്ക് മുഴുവനായും തന്നാലും തന്നെ വിലയ്ക്കെടുക്കാനാവില്ല-നരേന്ദ്ര പട്ടേല്‍ പറഞ്ഞു.
നേരത്തെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിലെ നേതാക്കളായ വരുണ്‍ പട്ടേലും രേഷ്മ പട്ടേലും ബിജെപിയില്‍ ചേര്‍ന്നിരുന്നു. വരുണ്‍ വഴിയാണ് ബിജെപി തന്നെ സമീപിച്ചതെന്ന് നരേന്ദ്ര പട്ടേല്‍ പറഞ്ഞു. ബിജെപിയുടെയും വരുണിന്റെയും യഥാര്‍ത്ഥ മുഖം പുറത്തുകൊണ്ടുവരാനാണ് താന്‍ പണം വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വരുണ്‍ പട്ടേല്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.