ബില്‍ക്കിസ് ബാനു കേസ്: അന്വേഷണത്തില്‍ കൃത്രിമം കാണിച്ചവരെ പുറത്താക്കണം: സുപ്രീം കോടതി

0
44

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗക്കേസന്വേഷണത്തില്‍ കൃത്രിമം കാണിച്ച ഏഴ് പേരെ ഇനിയും സര്‍ക്കാര്‍ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതി. വിഷയത്തില്‍ നാലാഴ്ചക്കുള്ളില്‍ ഗുജറാത്ത് സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസന്വേഷണത്തില്‍ കൃത്രിമം കാണിച്ച ഉദ്യോഗസ്ഥരോട് വന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നല്‍കാതെ ഉദ്യോഗസ്ഥര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചിരിക്കുകയാണെന്ന് ബാനുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കോടതിയുടെ നടപടി.

തെളിവുകള്‍ നശിപ്പിച്ച അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രണ്ടു ഡോക്ടര്‍മാര്‍ക്കുമെതിരെ അച്ചടക്ക ലംഘനം അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇവര്‍ ജോലി ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്നും തെളിവുകള്‍ നശിപ്പിച്ചുവെന്നും നേരത്തെ, ബോംബെ ഹൈക്കോടതി
കണ്ടെത്തിയിരുന്നു.

ഏഴുപേരും തടവുശിക്ഷ അനുഭവിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പൊലീസുകാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയെ കോടതി ചോദ്യം ചെയ്തു. കൂടുതല്‍ നഷ്ടപരിഹാരത്തിനായി കീഴ്കോടതിയില്‍ മറ്റൊരപേക്ഷ നല്‍കാമെന്ന് ബില്‍ക്കിസ് ബാനുവിനോട് കോടതി പറഞ്ഞു.

ബോംബെ ഹൈക്കോടതി ഓരോ കുറ്റവാളിക്കും 55,000 രൂപ വീതം പിഴ ഈടാക്കുകയും ഇത് ബാനുവിന് നഷ്ടപരിഹാരമായി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ഒരു സംഘം ആളുകള്‍ ബില്‍ക്കിസ് ബാനുവിന്റെ 16 അംഗ കുടംബത്തെ ആക്രമിച്ച് ഏഴുപേരെ കൊലപ്പെടുത്തുകയും 19 കാരിയും അഞ്ചുമാസം ഗര്‍ഭിണിയുമായിരുന്ന ബാനുവിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. ബലാത്സംഗ കുറ്റത്തിന് 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഏഴു ഉദ്യോഗസ്ഥരെ തെളിവ് നശിപ്പിച്ചതിനും ശിക്ഷിച്ചിരുന്നു. ഇവരാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.