മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിനെ ചുട്ടുകൊന്നു

0
29

ഭോപ്പാല്‍; മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിനെ അയല്‍വാസികള്‍ ചുട്ടുകൊന്നു.മദ്ധ്യപ്രദേശില്‍ ഭോപ്പാലിലെ ദാമോ സ്വദേശിയായ നര്‍മ്മദ സാഹു(45)ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മകളെ അയല്‍വാസികളായ ചെറുപ്പക്കാര്‍ നിരന്തരം ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതാണ് പിതാവിന്റെ അരുംകൊലയില്‍ കലാശിച്ചത്.

അയല്‍വാസിയായ സച്ചിനും സുഹൃത്തുക്കളും പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് സാഹു പോലീസില്‍ പരാതി നല്‍കിയത് സച്ചിനേയും കൂട്ടുകാരേയും ചൊടിപ്പിച്ചു. അതിനുശേഷവും ശല്യം തുടര്‍ന്നു. സാഹുവിനേയും കുടുംബത്തേയും പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും അയല്‍വാസികള്‍ വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സച്ചിന്‍, രാജ്കുമാര്‍, രാംകുമാര്‍ എന്നിവര്‍ വീട്ടിലെത്തി നര്‍മ്മദയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സാഹുവിനെ സമീപവാസികള്‍ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണമടയുകയായിരുന്നു.