രജനീകാന്ത് മെര്‍സലിനൊപ്പം

0
35

ചെന്നൈ: തമിഴ് വിജയ് ചിത്രം മെര്‍സല്‍ തുടക്കം മുതല്‍ പലതരത്തിലുള്ള വിവാദത്തിലാണ്. ഇപ്പോള്‍ ചിത്രത്തിന് ശക്തമായ ഇടപെടലുമായി രജനികാന്ത് രംഗത്ത് വന്നിരിക്കുകയാണ്.പ്രധാനപ്പെട്ട ഒരു വിഷയമാണ് മെര്‍സല്‍ കൈകാര്യം ചെയ്തിരിക്കുന്നത്. അത് നന്നായി ചെയ്തതിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് രജനീകാന്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തമിഴ്നാട് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

ചിത്രം ദീപാവലിക്കാണ് തീയറ്ററുകളില്‍ എത്തിയത്.ചിത്രത്തിലെ ചില സംഭാഷണങ്ങളാണ് ഇപ്പോള്‍ വിവാദമായത്.ഇത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍ മെര്‍സലിനെതിരെ രംഗത്ത് വന്നത്.

ചിത്രത്തിലെ രണ്ട് രംഗങ്ങളാണ് ബി.ജെ.പി.യെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ തുടക്കത്തില്‍ വിദേശത്തുള്ള വടിവേലു ചെയ്ത കഥാപാത്രത്തെ പോക്കറ്റടിക്കാന്‍ ഒരു ശ്രമം നടക്കുന്നുണ്ട്. അപ്പോള്‍ വടിവേലു തന്റെ കാലിയായ പെഴ്സ് തുറന്നു കാട്ടി ഡിജിറ്റല്‍ ഇന്ത്യയ്ക്കു നന്ദി പറയുന്നതാണ് തിയേറ്ററില്‍ വലിയ കൈയടിക്ക് വഴിവച്ച ഈ ഒരു രംഗം.
രണ്ടാമത്തേത് നായകന്‍ വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനയെ താരതമ്യം ചെയ്യുന്നതിന്റേതാണ്. സിംഗപ്പൂരില്‍ ഏഴ് ശതമാനം മാത്രമാണ് ജി. എസ്.ടിയെന്നും എന്നിട്ടും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാല്‍, 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമുള്ള വിജയിന്റെ ഡയലോഗാണ് പ്രശ്നമായത്.

ചിത്രത്തില്‍ നിന്ന് രംഗങ്ങള്‍ നീക്കം ചെയ്യാമെന്ന് സിനിമയുടെ നിര്‍മാതാക്കള്‍ സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.