രാജധാനി എക്‌സ്പ്രസില്‍ ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാം

0
33

ഡല്‍ഹി: രാജധാനിയില്‍ ടിക്കറ്റ് ഉറപ്പാകാത്തവര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അവസരമൊരുക്കാനുള്ള പദ്ധതിയുമായി റെയില്‍വെ. രാജധാനി എക്‌സ്പ്രസില്‍ കണ്‍ഫേം അല്ലാത്ത എസി ഒന്നാം ക്ലാസ്, എസി രണ്ടാം ക്ലാസ് ടിക്കറ്റിന് പകരമായി യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് നല്‍കാനാണ് സംവിധാനമൊരുങ്ങുന്നത്.

ചിലപ്പോള്‍ കൂടുതല്‍ പണം നല്‍കേണ്ടി വരികയോ, അല്ലെങ്കില്‍ ടിക്കറ്റ് എടുത്ത പൈസയ്ക്ക് തന്നെ വിമാനത്തില്‍ യാത്ര ചെയ്യാം എന്നാണ് റിപ്പോര്‍ട്ട്. രാജധാനിയിലെ എസി രണ്ടാംക്ലാസിന്റെ ചാര്‍ജ് ഏതാണ്ട് ഏയര്‍ ഇന്ത്യ വിമാനചാര്‍ജിന് തുല്യമാണെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് റെയില്‍വേ എയര്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനിയുടെതാണ് ഈ ആശയം. ആദ്യഘട്ടത്തില്‍ വന്‍ നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഈ സൗകര്യം ഏര്‍പ്പെടുത്തുക എന്നാണ് റിപ്പോര്‍ട്ട്. മുമ്പ് എയര്‍ ഇന്ത്യയുടെ ചെയര്‍മാനായിരിക്കെ അശ്വനി ലോഹാനി മുന്നോട്ടു വച്ചതായിരുന്നു ഈ ആശയം. എന്നാല്‍ ഇതിനോട് അനുകൂലമായ നിലപാടായിരുന്നില്ല അന്ന് റെയിവെ സ്വീകരിച്ചത്. എയര്‍ ഇന്ത്യയുടെ അംഗീകാരം ലഭിച്ചാല്‍ പദ്ധതി നടപ്പിലാകും.