റവന്യൂ സെക്രട്ടറിയെ മാറ്റണമെന്ന് സിപിഐ

0
39


തിരുവനന്തപുരം: റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഐ. മന്ത്രി അറിയാതെ റവന്യു വകുപ്പില്‍ പി.എച്ച്.കുര്യന്‍ തീരുമാനങ്ങളെടുക്കുന്നു എന്നതാണ് സിപിഐയുടെ പരാതി. ഇക്കാര്യം പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന് ഭൂമി അനുവദിക്കാനുള്ള തീരുമാനത്തോടെയാണ് മന്ത്രിയും റവന്യൂ സെക്രട്ടറിയും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. മന്ത്രിസഭാ യോഗത്തില്‍ വച്ച് മാത്രമാണ് കോണ്‍സുലേറ്റിന് ഭൂമി നല്‍കുന്ന തീരുമാനത്തെക്കുറിച്ച് മന്ത്രി അറിഞ്ഞത്. യോഗത്തില്‍ ഇതിലുള്ള പ്രതിഷേധം മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ, കരം അടയ്ക്കാനാകാതെ ചെമ്പനോട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യൂ മന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പി.എച്ച്.കുര്യന്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല.

നേരത്തെ ലോ അക്കാദമി വിഷയത്തിലടക്കം പി.എച്ച് കുര്യന്റെ തീരുമാനങ്ങളില്‍ സിപിഐക്ക് വിയോജിപ്പുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പി.എച്ച്.കുര്യനെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി റവന്യു വകുപ്പില്‍ നിയമിച്ചത്.