ഗാന്ധിനഗര്‍: പാട്ടീദാര്‍ നേതാവ് നിഖില്‍ സവാനി ബിജെപിയില്‍ നിന്ന് രാജിവെച്ചു. ബിജെപിയില്‍ ചേരുന്നതിന് തനിക്ക് പണമൊന്നും ലഭിച്ചില്ലെന്നും വാഗ്ദാനം ചെയ്ത കാര്യങ്ങളൊന്നും ബിജെപി നടപ്പാക്കിയില്ലെന്നും നിഖില്‍ ട്വിറ്ററില്‍ കുറിച്ചു. ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന പാട്ടീദാര്‍ നേതാവ് നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് നിഖിലിന്റെ രാജി.
ബിജെപിയില്‍ ചേരുകയും തൊട്ടുപിന്നാലെ പത്രസമ്മേളനം വിളിച്ച്, ബിജെപിയില്‍ ചേരാന്‍ തനിക്ക് പണം ലഭിച്ചെന്ന് വെളിപ്പെടുത്തുകയായിരുന്നു നരേന്ദ്ര പട്ടേല്‍. മുന്‍കൂറായി ലഭിച്ച പത്തുലക്ഷം രൂപ നരേന്ദ്ര പട്ടേല്‍ പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, ബിജെപിയുടെ ഒരുകോടി രൂപാ വാഗ്ദാനം നിരസിച്ച നരേന്ദ്ര പട്ടേലിനെ നിഖില്‍ അഭിനന്ദിച്ചു. തീരെ പാവപ്പെട്ട കുടുംബത്തില്‍നിന്നു വന്ന വ്യക്തിയായിട്ടുകൂടി അദ്ദേഹം ഒരു കോടി നിരാകരിച്ചു എന്നത് ശ്രദ്ധേയമെന്നും നിഖില്‍ പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞ നിഖില്‍ സവാനി പാട്ടീദാര്‍ അനമത് ആന്ദോളന് സമിതിയില്‍ തിരിച്ചെത്തുകയും ചെയ്തു.