വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ട്രിനിറ്റി സ്‌കൂളിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

0
42

കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. ട്രിനിറ്റി സ്‌കൂളിലേക്കുള്ള എസ്എഫ്ഐ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും എടുത്ത് ചാടിയത്. തലയ്ക്കും നട്ടെല്ലിനും പൊട്ടലേറ്റ കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയിരുന്നില്ല.

സംഭവത്തില്‍ രണ്ട് അധ്യാപികമാരുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാരുടെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. രണ്ട് അധ്യാപികമാരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയത്.

ഇതേസ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന ഇളയ സഹോദരിയെ ക്ലാസില്‍ സംസാരിച്ചതിന് ക്രെസന്റ് എന്ന അധ്യാപിക ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തിയിരുന്നു. ഇത് വീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളിലെത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. എന്നാല്‍ സമാന സംഭവം പിന്നീടുമുണ്ടായതോടെ അനിയത്തി ചേച്ചിയെ വിവരമറിയിച്ചു.

കുട്ടികള്‍ കളിയാക്കിയത് ചോദ്യംചെയ്യാനെത്തിയ പെണ്‍കുട്ടിയും അനിയത്തിയും, മറ്റുകുട്ടികളുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതേക്കുറിച്ച് അധ്യാപികമാര്‍ വിളിച്ച് വിവരം അന്വേഷിക്കുകയുമായിരുന്നു. അധ്യാപികമാര്‍ ചോദ്യംചെയ്തതിലുള്ള മനോവിഷമത്തിലാണ് കുട്ടി താഴേക്ക് ചാടിയതെന്നാണ് പിതാവ് പൊലീസിന് മൊഴി നല്‍കിയത്.