സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്ന് ദിലീപ്

0
32

കൊച്ചി: സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ഇതുവരെ നിയോഗിച്ചിട്ടില്ലെന്ന് നടന്‍ ദിലീപ്. സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു നടന്‍ ദിലീപിനു പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി ദിലീപ് രംഗത്തുവന്നത്. ജാമ്യത്തിലിറങ്ങിയതിനു ശേഷം താന്‍ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നു നടന്‍ ദിലീപ് അറിയിച്ചു. തനിക്കെതിരെ കേസ് നല്‍കിയവരില്‍ നിന്നാണു ഭീഷണി നേരിടുന്നത്.

ആലുവ പൊലീസ് ഞായറാഴ്ചയാണ് ദിലീപിനു നോട്ടീസ് നല്‍കിയത്. സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയല്‍ രേഖകളും നല്‍കണം. അവര്‍ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലൈസന്‍സ് ഹാജരാക്കണം. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് ഗോവ ആസ്ഥാനമായ തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ ഏജന്‍സിയെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചാലക്കുടിയിലെ ഡി സിനിമാസിനും സംരക്ഷണം ഏര്‍പ്പെടുത്തി. അതിനുപിന്നാലെ, ഏജന്‍സിയുടെ തൃശൂരിലെ ഓഫിസില്‍ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. ദിലീപിനു സുരക്ഷ അനുവദിച്ചതിന്റെ രേഖകള്‍ ഗോവയിലാണെന്നാണ് അവര്‍ അറിയിച്ചത്. കൊട്ടാരക്കരയിലും കൊച്ചിയിലും തണ്ടര്‍ ഫോഴ്‌സിന്റെ വാഹനങ്ങളും പൊലീസ് പരിശോധിച്ചു.

ദിലീപ് സ്വകാര്യ ഏജന്‍സിയെ സമീപിച്ചതില്‍ ജാമ്യ വ്യവസ്ഥയുടെ ലംഘനമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, അംഗീകൃത ഏജന്‍സിയെ സുരക്ഷയ്ക്കു നിയോഗിക്കുന്നതില്‍ നിയമ തടസ്സമില്ലെന്നും അഭിപ്രായമുണ്ട്.