തൃശ്ശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകന് അഡ്വ. സി.പി.ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ഉബൈദിനെതിരെ പരാതി. കൊല്ലപ്പെട്ട രാജീവിന്റെ അമ്മ രാജമ്മയാണ് ജഡ്ജിക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയച്ചു കൊടുത്തിട്ടുണ്ട്.
ചാലക്കുടി രാജീവ് വധക്കേസിലെ ഗൂഢാലോചനയില്‍ അഡ്വ. ഉദയഭാനുവിന് പങ്കുണ്ടെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹൈക്കോടതിയില്‍ ജസ്റ്റിസ് ഉബൈദാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. ഉദയഭാനുവിനെതിരായ തെളിവുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട കോടതി ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയുകയും ചെയ്തു. ശക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചു. ഫോണ്‍ സംഭാഷണം അറസ്റ്റിന് പര്യാപ്തമായ തെളിവല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവോടെ കേസന്വേഷണം നിലച്ച അവസ്ഥയിലായെന്നാണ് രാജീവിന്റെ അമ്മ ആരോപിക്കുന്നത്. അഡ്വ. ഉദയഭാനുവിനെതിരായ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തടസ്സമാകുന്നുവെന്നും പ്രതി സാധാരണക്കാരനായിരുന്നെങ്കില്‍ നിയമം മറ്റൊരു വഴിക്കായിരുന്നേനെയെന്നും പരാതിയില്‍ പറയുന്നു. അറസ്റ്റ് തടഞ്ഞതോടെ ഉദയഭാനുവിന് തെളിവ് നശിപ്പിക്കാന്‍ സാവകാശം ലഭിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.