അമിത്ഷായുടേയും മകന്റേയും ജിസിഎ ഭാരവാഹിത്വം നിയമവിരുദ്ധമെന്ന് ദി വയര്‍

0
41

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും മകന്‍ ജയ് ഷാക്കുമെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ വീണ്ടും. ഗുജറാത്ത് ക്രിക്കറ്റ് അസ്സോസിയേഷന്‍ (ജിസിഎ) യില്‍ അമിത് ഷായുടെ പ്രസിഡന്റ് സ്ഥാനവും ജയ് ഷായുടെ ജോയിന്റ് സെക്രട്ടറി സ്ഥാനവും നിയമ വിരുദ്ധമാണെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന്, മൂന്ന് വര്‍ഷം പൂര്‍ത്തിയായവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പിരിഞ്ഞുപോകണമെന്ന് ലോധാ കമ്മിറ്റി ശുപാര്‍ശകളും സുപ്രീം കോടതി വിധിയും നിലനില്‍ക്കെ അമിത് ഷായും മകനും കാലാവധി പൂര്‍ത്തീകരിച്ചിട്ടും തല്‍സ്ഥാനങ്ങളില്‍ തന്നെ തുടരുന്നുവെന്ന് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോധാ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ വന്നിട്ട് ഒരു വര്‍ഷം തികയുമ്പോഴും ഗുജറാത്ത് ക്രിക്കറ്റ് അസ്സോസിയേഷന്‍ ഭാരവാഹി സ്ഥാനത്ത് അമിത് ഷായും മകനും തുടരുന്നുവെന്ന് ദി വയര്‍ പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നു. ലോധാ കമ്മിറ്റി ശുപാര്‍ശകളെ തുടര്‍ന്ന് മൂന്ന് വര്‍ഷം പൂര്‍ത്തിയായവരും മറ്റ് ഉദ്യോഗസ്ഥരും എത്രയും പെട്ടെന്ന് സ്ഥാനം ഒഴിയണമെന്ന് 2016 ജൂലൈയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

2009 മുതല്‍ അമിത് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസ്സോസിയേഷന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ തുടരുന്നുണ്ട്. 2009-14 കാലഘട്ടത്തില്‍ വൈസ് പ്രസിഡന്റായും 2014 മുതല്‍ പ്രസിഡന്റായും അമിത് ഷാ ക്രിക്കറ്റ് അസോയിയേഷന്റെ ഭാരവാഹിയാണ്. ജയ് ഷാ 2013 മുതല്‍ ജോയിന്റ് സെക്രട്ടറിയുമാണ്. ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിരിഞ്ഞുപോകണമെന്ന സുപ്രീംകോടതി ഉത്തരവ്, എംപി ആയി തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ അമിത് ഷാ ലംഘിച്ചു. ആരോപണത്തെ കുറിച്ച് അമിത് ഷായോട് അഭിപ്രായം ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപി അധികാരത്തില്‍ വന്ന് നരേന്ദ്രമോഡി പ്രധാനമന്ത്രിയായും അമിത്ഷാ ബിജെപി ദേശീയ അധ്യക്ഷനായും ചുമതലയേറ്റതിന് പിന്നാലെ അമിത്ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ ലാഭം പതിനാറായിരം ഇരട്ടി വര്‍ധിച്ചത് ദി വയറായിരുന്നു വെളിപ്പെടുത്തിയത്. ബിജെപിയെ ഇത് ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.