‘ഇതാ ഇവിടെ വരെ’യില്‍ തുടങ്ങിയ ബന്ധം

0
100

ഐ.വി.ശശി-സീമ ദമ്പതികള്‍ മലയാള സിനിമയിലെ മാതൃകാ ദമ്പതികളായിരുന്നു. മുപ്പത്തിയേഴ് വര്‍ഷത്തെ ദാമ്പത്യ ജീവിതം കഴിഞ്ഞ ഓഗസ്റ്റ് 28-ന് കോഴിക്കോടുവെച്ച് ഇരുവരും ലളിതമായി ആഘോഷിച്ചിരുന്നു. നിര്‍മാതാവ് പി.വി.ഗംഗാധരന്റെ വസതിയില്‍വെച്ചാണ് ആഘോഷ പരിപാടികള്‍ നടന്നത്.

‘ഇതാ ഇവിടെ വരെ’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഐ.വി.ശശിയും സീമയും ആദ്യം കണ്ടുമുട്ടുന്നത്.
അന്ന് ഐ.വി.ശശി അറിയപ്പെടുന്ന സംവിധായകനും സീമ നര്‍ത്തകിയുമായിരുന്നു. തുടര്‍ന്ന് ഐ.വി. ശശിയുടെ അവളുടെ രാവുകളില്‍ സീമ നായികയായെത്തി. ഇവിടെനിന്നാണ് സംവിധായകനും നായികയും തമ്മിലുള്ള അടുപ്പം തുടങ്ങുന്നത്. ആ ബന്ധം അകലാന്‍ പറ്റാത്ത പ്രണയമായി മാറുകയായിരുന്നു.
1980 ആഗസ്ത് 28-ന് ചെന്നൈയിലെ മാങ്കാട് ദേവീക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരായി. വിവാഹത്തിനുശേഷവും സീമ അഭിനയരംഗത്ത് ഉറച്ചുനിന്നു. അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, ആരൂഢം തുടങ്ങിയ സീമയുടെ മികച്ച ചിത്രങ്ങള്‍ വിവാഹത്തിനുശേഷം ഉണ്ടായവയായിരുന്നു.

മക്കള്‍ അനുവും അനിയും. ഐ.വി.ശശി സംവിധാനം ചെയ്ത സിംഫണിയില്‍ മകള്‍ അനു അഭിനയിച്ചിട്ടുണ്ട്. അനു ഇപ്പോള്‍ ദുബായില്‍ ഐ.ടി ഇന്‍സ്ട്രക്ടറായി ജോലിചെയ്യുകയാണ്.