
പനാജി: ഗോവയില്‍ ബിജെപി സഖ്യകക്ഷി സര്‍ക്കാരില്‍ ഉലച്ചില്‍ തുടങ്ങിയതായി സൂചന. ബിജെപിയുടെ ഘടകകക്ഷിയായ മഹാരാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടി(എം.ജെ.പി) ബിജെപിയുമായി ഇടഞ്ഞു തുടങ്ങുകയാണ്. മൂന്ന് എംഎല്‍എമാരുള്ള പാര്‍ട്ടിയാണ് എംജെപി. ഈ പിന്തുണയിലാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്.
എംജെപിയിലെ രണ്ട് പേര് ബിജെപി മന്ത്രിസഭയില്‍ മന്ത്രിമാരാണ്. എംജെപിയില് ബിജെപി സര്‍ക്കാരിനെതിരെയുള്ള അതൃപ്തി തലപൊക്കി തുടങ്ങിയതാണ് ബന്ധം ഉലയുന്നെന്ന സൂചന പരത്തുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക മത്സരിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ചില അംഗങ്ങള്‍ അസംതൃപ്തരാണെന്ന് ധാവലീക്കര്‍ പറയുന്നു.
കാസിനോ, മയക്കുമരുന്ന്, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. എന്നാല്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമോ എന്ന് എംജെപി വ്യക്തമാക്കുന്നില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണച്ചതെന്നും ധാവലീക്കര്‍ പറഞ്ഞു. 40 അംഗ സഭയില്‍ ബിജെപിക്ക് 14 പേര് മാത്രമേയുള്ളൂ. എംജെപിക്ക് പുറമെ ജിഎഫിപിയുടെ മൂന്ന് അംഗങ്ങളുടെയും മൂന്നു സ്വതന്ത്രരുടെയും ഒരു എന്‍സിപി അംഗത്തിന്റെയും പിന്തുണയിലാണ് ബിജെപി സഖ്യകക്ഷി സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.