ഐ.വി.ശശി അന്തരിച്ചു

0
73

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഐ.വി.ശശി(69) അന്തരിച്ചു. ചെന്നൈയിലെ സ്വവസതിയില്‍ വെച്ചാണ് അന്ത്യം. ഭാര്യയും നടിയുമായ സീമയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

1948 മാര്‍ച്ച് 28ന് കോഴിക്കോട് ജനിച്ച ഐ.വി.ശശി നൂറ്റിപ്പത്തോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രമുഖ സംവിധായകനാണ്. അവളുടെ രാവുകള്‍, ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, അടിമകള്‍ ഉടമകള്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, 1921, ഇതാ ഇവിടെ വരെ, ഇടനിലങ്ങള്‍, അനുബന്ധം, ആള്‍ക്കൂട്ടത്തില്‍ തനിയെ, കരിമ്പിന്‍പ്പൂവിനക്കരെ, അങ്ങാടി, കൂടണയും കാറ്റ്, അതിരാത്രം, ഉയരങ്ങളില്‍, മൃഗയ, ദേവാസുരം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ശശിയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ ഉള്‍പ്പെടുത്തി എണ്‍പതുകളില്‍ ഒട്ടേറെ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് ശശി.

ടി.ദാമോദരനാണ് അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഏറ്റവും കൂടുതല്‍ തിരക്കഥകളെഴുതിയിട്ടുള്ളത്. എം.ടി.വാസുദേവന്‍ നായര്‍, പത്മരാജന്‍ എന്നിവരുടെ തിരക്കഥകളിലും ശശി സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

1975ല്‍ ‘ഉത്സവം’ എന്ന ചിത്രം സംവിധാനം ചെയ്ത് രംഗത്തെത്തിയ ശശിയുടെ അവസാന ചിത്രം 2009ല്‍ പുറത്തിറങ്ങിയ ‘വെള്ളത്തൂവല്‍’ ആയിരുന്നു.

നാല് സംസ്ഥാന അവാര്‍ഡുകളും ഒരു ദേശീയ അവാര്‍ഡും ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

അനു, അനി എന്നിവരാണ് മക്കള്‍.