കൊച്ചി ടസ്‌ക്കേഴ്സിന് ബി.സി.സി.ഐ 850 കോടി രൂപ നല്‍കണമെന്ന് ആര്‍ബിട്രേഷന്‍ വിധി

0
40

ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കിയതിന് നഷ്ടപരിഹാരമായി കൊച്ചി ടസ്‌ക്കേഴ്സിന് ബി.സി.സി.ഐ 850 കോടി രൂപ നല്‍കണമെന്ന് ആര്‍ബിട്രേഷന്‍ വിധി.

ഇക്കാര്യം ചര്‍ച്ചചെയ്തത് ഐ.പി.എല്‍ ഗവേണിങ് കൗണ്‍സിലില്‍ ആണ്. ഇരുകൂട്ടരെയും വിളിച്ച് സംസാരിക്കേണ്ടത് അവരാണെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി.

കൊച്ചി ടസ്‌ക്കേഴ്സിനോട് 460 കോടി രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നു. അന്ന് ടസ്‌ക്കേഴ്സ് ആ വാഗ്ദാനം നിരസിക്കുകയായിരുന്നു. ആര്‍ബിട്രേഷന്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത് ബി.സി.സി.ഐ സംബന്ധിച്ച് തിരിച്ചടിയാകും. എന്നാല്‍ കോടതിക്ക് പുറത്ത് വെച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബി.സി.സി.ഐ ശ്രമിച്ചിരുന്നു. ഒന്നുംതന്നെ വിജയിച്ചില്ല.

വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിനായിരുന്നു 2011 സീസണില്‍ മാത്രം കളിച്ച കൊച്ചി ടസ്‌ക്കേഴ്‌സിനെ ബി.സി.സി.ഐ പുറത്താക്കിയത്. മൊത്തം ഫീസിന്റെ പത്ത് ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊച്ചി ടസ്‌ക്കേഴ്‌സിന് അത് ഹാജരാക്കാനായില്ല. തുടര്‍ന്ന് ടസ്‌ക്കേഴ്‌സുമായുള്ള കരാര്‍ ബി.സി.സി.ഐ റദ്ദാക്കുകയായിരുന്നു.

ഇതിനെതിരെയാണ് കൊച്ചി ടസ്‌ക്കേഴ്‌സ് ആര്‍ബിട്രേറ്ററിനെ സമീപിച്ചത്. 1560 കോടി രൂപക്ക് താരങ്ങളെ ലേലത്തിലെടുത്ത ടസ്‌ക്കേഴ്‌സ് റെന്‍ഡെവ്യൂ സ്‌പോര്‍ട്‌സ് വേള്‍ഡ് എന്ന പേരില്‍ അഞ്ച് കമ്പനികളുടെ കണ്‍സോര്‍ഷ്യമായാണ് രൂപീകരിച്ചത്.