കൊച്ചി മുംബൈ അതിവേഗപാതയുമായി ഭാരത് മാല

0
89

ന്യൂഡല്‍ഹി; പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ ഭാരത്മാല പദ്ധതി ഉള്‍പ്പെടെയുള്ള ഹൈവേ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏഴു ലക്ഷം കോടി രൂപ അനുവദിച്ചു. രാജ്യത്തെ പ്രധാനനഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഭാരത്മാല. ഈ പദ്ധതിയുടെ ആദ്യഘട്ടമായി 20,000 കിലോമീറ്റര്‍ നീളത്തില്‍ ഹൈവേ നിര്‍മിക്കുമെന്ന് കേന്ദ്രം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

ഇതിന് പുറമേ അടുത്ത അഞ്ചുവര്‍ഷത്തിനകം ഏഴു ലക്ഷം കോടി ചെലവില്‍ 80,000 കിലോമീറ്റര്‍ നീളത്തില്‍ ഹൈവേ നിര്‍മിക്കുന്നതിനും അനുമതി നല്‍കി. കന്യാകുമാരി-കൊച്ചി-മുംബൈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയും ഭാരത്മാല പദ്ധതിയുടെ ഭാഗമാണ്. ഇതു നിലവില്‍ വരുന്നതോടെ കൊച്ചിയില്‍നിന്നും മുംബൈയിലേക്ക് റോഡുമാര്‍ഗമുള്ള യാത്രയില്‍ അഞ്ചു മണിക്കൂറിന്റെ ലാഭമുണ്ടാകും.

മുംബൈ – കൊച്ചി കന്യാകുമാരി പാതയ്ക്കു പുറമെ ബെംഗളൂരു മംഗളൂരു, ഹൈദരാബാദ് പനജി, സാംബര്‍പുര്‍ റാഞ്ചി തുടങ്ങിയ അതിവേഗ പാതകളും പദ്ധതിയിലൂടെ നിലവില്‍ വരും. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. 50,000 കിലോമീറ്ററിലധികം നിര്‍മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞ ദേശീയ ഹൈവേ വികസന പദ്ധതി(എന്‍എച്ച്ഡിപി)ക്ക് ശേഷമുള്ള ഏറ്റവും വലിയ ദേശീയപാത പദ്ധതിയാണ് ഭാരത്മാല. 1998ല്‍ വാജ്‌പേയി സര്‍ക്കാരാണ് എന്‍എച്ച്ഡിപി പദ്ധതിക്കു തുടക്കമിട്ടത്.