ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോക ഫുട്‌ബോളര്‍

0
43

സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച താരത്തിന് ഫിഫ നല്‍കുന്ന ലോക ഫുട്‌ബോളര്‍ പുരസ്‌കാരം പോര്‍ച്ചുഗലിന്റെയും റയല്‍ മാഡ്രിഡിന്റെയും സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിച്ചു. പോര്‍ച്ചുഗലിനും റയലിനുംവേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയതിനാണ് റൊണാള്‍ഡോയ്ക്ക് പുരസ്‌കാരം ലഭിച്ചത്. അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, ബ്രസീലിന്റെ നെയ്മര്‍ എന്നിവരെ പിന്തള്ളിയാണ് റൊണാള്‍ഡോ ഒരിക്കല്‍ കൂടി ഈ നേട്ടം കൈവരിച്ചത്. റയല്‍ മാഡ്രിഡിന്റെ പരിശീലകനും ഇതിഹാസ താരവുമായ സിനദിന്‍ സിദാനാണ് ഏറ്റവും മികച്ച പരിശീലകന്‍.

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ചരിത്രത്തിലാദ്യമായി റയല്‍ മാഡ്രിഡ് നിലനിര്‍ത്തിയപ്പോള്‍ അതിലേയ്ക്ക് അവരെ നയിച്ചത് റൊണാള്‍ഡോയും സിദാനുമായിരുന്നു. 12 ഗോളുകള്‍ നേടി റൊണാള്‍ഡോ ലീഗില്‍ ടോപ് സ്‌കോററായിരുന്നു.

ഇറ്റലിയുടെയും യുവന്റസിന്റേയും ഇതിഹാസ താരം ജിയാന്‍ ലുജി ബഫണ്‍ ആണ് മികച്ച ഗോള്‍കീപ്പര്‍. ഹോളണ്ടിന്റെ ലെയ്ക് മാര്‍ട്ടിന്‍സ് മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ആഴ്‌സനലിന്റെ ഒളിവര്‍ ജിറൂദിന്റെ ഗോളാണ് മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്.