കോഴിക്കോട്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനാനുമതി നല്‍കുന്നത് സംബന്ധിച്ച് തന്ത്രി കുടുംബത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കള്‍ക്ക് പ്രവേശനാനുമതി നല്‍കണമെന്നും ഇതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനെതിരെ മറ്റ് ത്ന്തി കുടുംബാംഗങ്ങള്‍ രംഗത്തെത്തി. തന്ത്രി ദിനേശന് നമ്പൂതിരിപ്പാടിന്റെ അനുകൂല നിലപാട് മറ്റുള്ളവര്‍ തള്ളി. അനുകൂല നിലപാട് വ്യക്തമാക്കിയത് അദ്ദേഹം വ്യക്തിപരമായാണ്. അത് ഞങ്ങളുടെ കുടുംബത്തിന്റെ കൂട്ടായ തീരുമാനം അല്ല. പത്രക്കുറിപ്പില്‍ മറ്റ് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.ക്ഷേത്രത്തിന്റെ പ്രധാന തന്ത്രി ഈ വിഷയത്തില്‍ അനുകൂല നിലപാട് എടുത്തിട്ടില്ലെന്നും മറ്റ് കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
എല്ലാ ആചാരങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറും. ഈ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. രാജഭരണം പോയതോടെ ക്ഷേത്രം സംബന്ധിച്ച കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് അധികാരമെന്നും സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ സഹകരിക്കാന്‍ തയ്യാറാണെന്നും ചേന്നാസ് ദിനേശന് നമ്പൂതിരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.