ചരിത്രം തിരുത്തി ; ഒന്നാം സ്വാതന്ത്ര്യ സമരം ഇനി പൈക പ്രക്ഷോഭം

0
63

ഭുവനേശ്വര്‍ : ഇന്ത്യാ ചരിത്രം തിരുത്തിയെഴുതുന്നു. 1857ലെ ശിപായി ലഹള അല്ല ഇനി ചരിത്ര പുസ്തകങ്ങളില്‍ ഒന്നാം സ്വാതന്ത്ര്യ സമരം. 1817ല്‍ ഒഡിഷയില്‍ നടന്ന പൈക പ്രക്ഷോഭം ആയിരിക്കും ഇനി മുതല്‍ ഒന്നാം സ്വാതന്ത്ര്യസമരമായി അറിയപ്പെടുക.ഇനിമുതല്‍ സ്‌കൂളുകളിലും കോളേജുകളിലും ഇതായിരിക്കും പഠിപ്പിക്കുക എന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

രാജ്യം മുഴുവന്‍ ‘പൈക ബിദ്രോഹ’യുടെ ചരിത്ര സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രം 200 കോടി രൂപ അനുവദിച്ചതായും മന്ത്രി മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. ‘വിദ്യാര്‍ഥികള്‍ യഥാര്‍ഥ ചരിത്രമാണു പഠിക്കേണ്ടത്. ചരിത്ര പുസ്തകങ്ങളില്‍ ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില്‍ ‘പൈക ബിദ്രോഹ’ അറിയപ്പെടും’- ജാവഡേക്കര്‍ വ്യക്തമാക്കി. ഒഡീഷ മുഖ്യമന്ത്രി നവീന്‍പട്നായിക് ഈ ആവശ്യം ഉന്നയിച്ചു നേരത്തേ കേന്ദ്രത്തിനു കത്തെഴുതിയിരുന്നു.

പൈക ലഹള (1817)
പൈക സമുദായത്തിനു ഗജപതി രാജാക്കന്മാർ പരമ്പരാഗതമായി കൃഷിഭൂമി പാട്ടത്തിനു നൽകിയിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി 1803ൽ ഒഡീഷ കീഴടക്കിയതോടെ കർഷകർക്കു ലഭിച്ചുവന്നിരുന്ന ആനുകൂല്യം നിർത്തലാക്കി. ഈ തീരുമാനം പൈക സമുദായത്തെ അസ്വസ്ഥരാക്കി. ബക്‌ഷി ജഗബന്ധുവിന്റെ നേതൃത്വത്തിൽ 1817ൽ കമ്പനിക്കെതിരായി സായുധലഹള പൊട്ടിപ്പുറപ്പെട്ടു. ആദിവാസികളും ഇവരോടൊപ്പം ചേർന്നു. തുടക്കത്തിൽ പൈക സൈന്യത്തിനു മുന്നേറാൻ കഴിഞ്ഞെങ്കിലും കമ്പനി സൈന്യം മേധാവിത്വം തിരികെപ്പിടിച്ചു. നൂറുകണക്കിനു പൈക സൈനികരെ വധിച്ചു. ജഗബന്ധുവടക്കം അനേകം പേരെ ജയിലിലടച്ചു.