കൊച്ചി: സിനിമാ ജോലിക്കിടെ തനിക്കെതിരെ ലൈംഗികാതിക്രമമുണ്ടായെന്ന പരാതിയുമായി പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍. നിത്യാ മേനോനെ നായികയാക്കി വികെ.പ്രകാശ് നാല് ഭാഷകളിലായി ഒരുക്കുന്ന ‘പ്രാണ’ എന്ന ചിത്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് ആക്രമണമുണ്ടായത്. ജൂലി എറണാകുളം ഐജി ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 15നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തലേദിവസം ലൊക്കേഷനില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ താമസ സ്ഥലമായ സലിം വില്ലയിലെ എന്റെ മുറി തുറന്നുകിടക്കുകയായിരുന്നു. മുറിയില്‍ നിന്ന് വിലയേറിയ ബ്രാന്‍ഡഡ് മേക്കപ്പ് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കാണാതായിരുന്നു. ഇതിനെച്ചൊല്ലി വില്ലയുടെ ഉടമസ്ഥരുമായി പ്രശ്നങ്ങളുണ്ടായിരുന്നതായും ജൂലി പറയുന്നു.
വില്ലയുടെ ഉടമയും ഒരു സംഘം ഗുണ്ടകളും മുറിയില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ജൂലിയുടെ പരാതിയില്‍ പറയുന്നു. തന്റെ ശക്തമായ ചെറുത്തുനില്പിനെ തുടര്‍ന്ന് ആളുകള്‍ കൂടിയതിനാല്‍ ഇവര്‍ പിന്തിരിയുകയായിരുന്നു. പിന്നീട് ഇവര്‍ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷമാണ് തനിയ്ക്കെതിരെ നടത്തിയതെന്നും ജൂലി കൂട്ടിച്ചേര്‍ത്തു.
11 വര്‍ഷമായി പരസ്യചിത്രീകരണ രംഗത്തും ബ്രൈഡല്‍ മേക്കപ്പ് രംഗത്തും സജീവമാണ് ജൂലി. ഇപ്പോള്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മെര്‍സലില്‍ ഉള്‍പ്പെടെ നിത്യ മേനോന്റെ പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജൂലി മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ഇഷാ തല്‍വാര്‍, നൈല ഉഷ, നസ്രിയ തുടങ്ങിയ പ്രശസ്തരായ താരങ്ങള്‍ക്കായി ചമയമൊരുക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയെയും എതിര്‍കക്ഷിയാക്കിയാണ് ജൂലി പരാതി നല്‍കിയിരിക്കുന്നത്. ബാദുഷ ഗുരുതരമായ അനാസ്ഥയാണ് കാണിച്ചതെന്നും ഇയാളും ഗൂഢാലോചനയില്‍ പങ്കാളിയാണോ എന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. സലിം വില്ലയില്‍ സമാനമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ നിസ്സഹായരായ സ്ത്രീകള്‍ പരാതിപ്പെടാത്തതാണെന്നും പരാതിയില്‍ ജൂലി പറഞ്ഞിട്ടുണ്ട്.
ആരോ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും ചിത്രീകരണം മുടങ്ങുമെന്ന പേരില്‍ എന്നെ മുറിയില്‍ പൂട്ടിയിട്ട് അണിയറ പ്രവര്‍ത്തകര്‍ പോലീസിനെ മടക്കി അയയ്ക്കുകയായിരുന്നു. പോലീസില്‍ പരാതി നല്കാതിരിക്കാന് പിറ്റേന്ന് അവിടെ നിന്ന് ബലമായി വാഹനത്തില്‍ കയറ്റി എറണാകുളത്ത് കൊണ്ടുവിടുകയായിരുന്നെന്നും ജൂലിയുടെ പരാതിയിലുണ്ട്.
അതേസമയം, ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ജൂലിയെ സെറ്റില്‍ നിന്ന് പറഞ്ഞുവിട്ടതെന്ന് ‘പ്രാണ’യുടെ സംവിധായകന് വി.കെ.പ്രകാശ് പറഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അവര്‍ ഇങ്ങനെ പ്രശ്നങ്ങളുണ്ടാക്കി. ഒടുവില്‍ നിവൃത്തിയില്ലാതെ പറഞ്ഞുവിടുകയായിരുന്നു. ഫെഫ്കയില്‍ അവര്‍ക്ക് മെമ്പര്‍ഷിപ്പില്ലെന്ന് പറയുന്നു. ഇത്തരം ആളുകള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കരുതെന്നാണ് എന്റെ അഭിപ്രായം വി.കെ.പ്രകാശ് കൂട്ടിച്ചേര്‍ത്തു.
സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളറും കേസില്‍ ആരോപണ വിധേയനുമായ ബാദുഷ പറയുന്നു. അസിസ്റ്റന്റ്സ് വഴി വിവരങ്ങളറിഞ്ഞിരുന്നു. പോലീസിനെ വിളിക്കേണ്ടി വരുമെന്ന് ഹോട്ടലുകാര്‍ പറഞ്ഞപ്പോള്‍ ആവശ്യമെങ്കില്‍ വിളിച്ചുകൊള്ളൂ എന്നു പറഞ്ഞിരുന്നു. ഹര്‍ത്താല്‍ ദിവസമായിട്ടുപോലും അവരെ കൊണ്ടുപോകാന്‍ പിറ്റേന്ന് വാഹനം ഒരുക്കിയിരുന്നു. എറണാകുളത്ത് എത്തിയ ശേഷം അവര്‍ സുരക്ഷിതയായി എത്തി എന്നറിയിച്ച് വിളിക്കുകയും ചെയ്തിരുന്നുവെന്നും ബാദുഷ പറഞ്ഞു.