തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും

0
41


ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ആലപ്പുഴ കലക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടില്‍ കാലഘട്ടത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചതിലാനാണ് ഇത്.

റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നാണ് ഗൗരവമായ വീഴ്ച ഉണ്ടായത്. ഇവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാനാണ് സാധ്യത. ഇവരുടെ പദവിയല്ലാതെ പേരുകള്‍ കലക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട കൈയേറ്റവും മറ്റും അന്വേഷിക്കാന്‍ നിര്‍ദേശിച്ചകൂട്ടത്തില്‍ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടോയെന്നും പരിശോധിക്കാന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചിരുന്നു. മന്ത്രി തോമസ്‌ ചാണ്ടി ഡയറക്ടറായ കമ്പനി തണ്ണീര്‍ത്തടനിയമവും ഭൂസംരക്ഷണ നിയമവും ലംഘിച്ചെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്.

ലേക്ക് പാലസ് റിസോര്‍ട്ട് നടത്തുന്ന വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ എം.ഡി.യുടെയും സ്ഥലം ഉടമയായ മന്ത്രിയുടെ സഹോദരിയുടെയും പേരിലാകും തുടര്‍നടപടി. മന്ത്രിക്കും കുടുംബത്തിനുമാണ് കൂടുതല്‍ ഓഹരികളെങ്കിലും സാങ്കേതികമായി മന്ത്രിക്ക് നോട്ടീസ് നല്‍കേണ്ടിവരില്ല.

ഭൂസംരക്ഷണ നിയമപ്രകാരം മൂന്നുവര്‍ഷംവരെ തടവും 25,000 രൂപമുതല്‍ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പുറമ്പോക്ക് കൈയേറ്റം. മാര്‍ത്താണ്ഡം കായലില്‍ പുറമ്പോക്ക് കൈയേറി നിലം നികത്തിയെന്ന് കളക്ടര്‍ കണ്ടെത്തിയിട്ടുണ്ട്. കൈയേറ്റത്തിനെതിരേ മുന്‍പഞ്ചായത്തംഗം നല്‍കിയ കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.