ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദേശം

0
31


തിരുവനന്തപുരം: ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി ആഘോഷിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യുപി, സെക്കന്ററി ക്ലാസുകളില്‍ നടത്തണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനുള്ള മാര്‍ഗ്ഗരേഖയും പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട്. ദീന്‍ദയാലിന്റെ ജീവിതത്തെ ആസ്പദമാക്കി സ്‌കൂളുകളില്‍ രചനാമത്സരം സംഘടിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

യുപി സ്‌കൂളുകളില്‍ ഫാന്‍സി ഡ്രസ് മത്സരം, കവിതാ രചന, ദേശഭക്തി ഗാനം, പ്രഭാത അസംബ്ലിയില്‍ പ്രചോദിപ്പിക്കുന്ന കഥപറച്ചില്‍ എന്നിവ സംഘടിപ്പിക്കാവുന്നതാണെന്ന് മാര്‍ഗ്ഗരേഖയില്‍ പറയുന്നു. ഫാന്‍സി ഡ്രസില്‍ കുട്ടികള്‍ പ്രശസ്തരായ ഇന്ത്യക്കാരുടെ വേഷങ്ങളിലെത്തണം. ദീന്‍ദയാലിനെ കുറിച്ചോ അദ്ദേഹത്തിന്റെ നേട്ടങ്ങളെ കുറിച്ചോ ആകണം കവിതാരചന. മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു.