ദീന്‍ ദയാല്‍ ഉപാധ്യായ ജന്‍മശതാബ്ദിക്ക് സ്കൂളുകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കണം

0
270

തിരുവനന്തപുരം: ജനസംഘം സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായ ജന്‍മശതാബ്ദിക്ക് സ്കൂളുകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശം.ദീന്‍ ദയാല്‍ ഉപാധ്യായയുടെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച്‌ സ്കൂളുകളില്‍ ആഘോഷ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ഈ കത്തുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.

ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ധി ആഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യു.പി, സെക്കന്‍ഡറി ക്ലാസുകളില്‍ നടത്തണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്. ഇതിനുള്ള മാര്‍ഗ്ഗരേഖയും പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിട്ടുണ്ട്. ദീന്‍ദയാലിന്റെ ജീവിതത്തെ ആസ്പദമാക്കി സ്കൂളുകളില്‍ രചനാമത്സരം സംഘടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്കും ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കുമാണ് ഡി.പി.ഐയുടെ സര്‍ക്കുലര്‍. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സ്കൂളുകളിലെ പ്രഥമ അധ്യാപകര്‍ക്ക് ഇത് സംബന്ധിച്ച്‌ നിര്‍ദേശം നല്‍കാനാണ് സര്‍ക്കുലറില്‍ പറയുന്നത്.

ദീന്‍ ദയാല്‍ ഉപാധ്യായുടെ ജീവിതവും, ആശയങ്ങളും ഉള്‍കൊള്ളിച്ച്‌ യു.പി ക്ലാസുകളിലും സെക്കന്‍ഡറി തലത്തിലുംവിവിധ പരിപാടികള്‍ നടത്തണം, അദ്ദേഹത്തിന്റെ ജീവതമോ ആശയമോ വര്‍ണിച്ചു കൊണ്ടുള്ള പദ്യം ചൊല്ലല്‍, ദേശഭക്തി ഗാനം, ഉപന്യാസ മത്സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.