നോട്ടുനിരോധനത്തിന്റെ വാര്‍ഷികം കരിദിനമായി ആചരിക്കാന്‍ പ്രതിപക്ഷത്തിന്റെ ആഹ്വാനം

0
38

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന്റെ വാര്‍ഷികം കരിദിനമായി ആചരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആഹ്വാനം. രാജ്യസഭയിലെ പ്രതിപക്ഷപാര്‍ട്ടികളുടെ നേതാവ് ഗുലാം നബി ആസാദ്, തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് ദേരെക് ഓബ്രിയന്‍, ജെ.ഡി.യു നേതാവ് ശരത് യാദവ് എന്നിവര്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രതിപക്ഷം അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞവര്‍ഷം നവംബര്‍ 8നാണ് 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. നോട്ടുനിരോധനത്തെ ‘നൂറ്റാണ്ടിലെ കോഴ’ എന്ന് പരാമര്‍ശിച്ച ഗുലാം നബി ആസാദ് പ്രതിപക്ഷത്തുള്ള 18 പാര്‍ട്ടികള്‍ നവംബര്‍ 8 കരിദിനമായി ആചരിക്കുമെന്ന് അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും അന്നേ ദിവസം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നോട്ടുനിരോധനം, ജി.എസ്.ടി എന്നിവ മൂലം രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വരുന്നത്.