പരമ്പരാഗതരീതികളെ അട്ടിമറിച്ച ഐ വി ശശി

0
127

മലയാള സിനിമയ്ക്ക് ചരിത്രത്തില്‍ ഒരിടം നല്‍കാന്‍ ഐ വി ശശിയുടെ സിനിമകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു ഹിറ്റ് സംവിധായകന്‍ എന്ന നിലയാക്കാണ് ഐ വി ശശി അറിയപ്പെടുന്നത്. സംവിധാനത്തില്‍ തന്‍റേതായ ഒരു ശൈലിയുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് .

മലയാള സിനിമയുടെ ചരിത്രം എടുത്താല്‍ പ്രത്യേക സ്ഥാനം തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാലോകത്ത് തന്റെ സ്ഥാനമെന്തെന്ന് കൃത്യമായി ഉറപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

മലയാളസിനിമയുടെ അതുവരെയുണ്ടായിരുന്ന ചരിത്രം തന്നെ അദ്ദേഹം പൊളിച്ചെഴുതുകയായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് എപ്പോഴും ഒരു പ്രത്യേക രാഷ്ട്രീയം ഉണ്ടായിരുന്നു. തന്റെ കൃത്യമായ ഇടപെടലുകളിലൂടെ ആ രാഷ്ട്രീയത്തെ തുറന്നു കാട്ടാനും അദ്ദേഹത്തിനു കഴിഞ്ഞു. ജനപ്രിയതയെ എത്രത്തോളം തന്റെ ഒപ്പം നിര്‍ത്താന്‍ കഴിയും എന്ന ചിന്തയിലൂടെയാണ് ചിത്രങ്ങള്‍ ഒരുക്കിയിരുന്നത്. വെള്ളിത്തിരയില്‍ ജനകീയ രാഷ്ട്രീയം തന്നെ ചര്‍ച്ചയായി വരുന്നതുതന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. കാലത്തിനു മുന്‍പേ വിപ്ലവം നടത്തിയ വ്യക്തിയാണദ്ദേഹം. 1975 – 85 കാലത്ത് പ്രേം നസീറിന്റെ കാലമായിരുന്നു. ആ കാലത്തിന് വിരാമമിട്ട് മമ്മൂട്ടി മോഹന്‍ലാല്‍ കാലഘട്ടം ഉദിക്കുകയായിരുന്നു. ഈ ഉദയം ഐ വി ശശിയുടെ സിനിമകളിലൂടെയായിരുന്നു.ഈ താരോദയത്തോടെ സിനിമയിലെ സ്ഥിതിഗതികള്‍ മാറുകയായിരുന്നു. ഈ ഒരു മാറ്റത്തിന് ഐ വി ശശി
നല്‍കിയ  പങ്ക് വളരെ വലുതാണ്.

ഐ വി ശശി എന്നു പറയുമ്പോള്‍തന്നെ ആദ്യം പറയുന്നത് ‘ഉത്സവം’ എന്ന ചിത്രം തന്നെയാണ്. ചിത്രം വിജയം നേടുന്നതിനോടൊപ്പം തന്നെ മലയാള സിനിമയിലും മാറ്റം കുറിക്കുകയായിരുന്നു. 1975 ഇറങ്ങിയ ‘ഉത്സവം’ എന്ന ചിത്രം സിനിമയില്‍ അന്നുവരെ നിലനിന്നിരുന്ന പാരമ്പര്യരീതിയെ തന്നെ മാറ്റിമറിച്ചു. പ്രേം നസീര്‍ യുഗം തന്നെ അവിടെ അവസാനിക്കുകയായിരുന്നു.കുടിവെള്ള പ്രശ്‌നത്തെക്കുറിച്ച് കൈകാര്യം ചെയ്യുന്ന സിനിമയായിരുന്നു ‘ഉത്സവം’. കുടിവെള്ള പ്രശ്‌നം ഒരു യുദ്ധം തന്നെ ഉണ്ടാക്കാം എന്ന് കൃത്യമായി പറഞ്ഞു വെയ്ക്കുന്നുണ്ട് ചിത്രത്തില്‍.ജലത്തിനുവേണ്ടി യുദ്ധമുണ്ടാകുമെന്ന് അന്നേ അദ്ദേഹം തന്‍റെ ചിത്രത്തിലൂടെ പറയുകയായിരുന്നു.

സാങ്കേതിക വിദ്യയൊന്നും വളര്‍ന്നിട്ടില്ലാത്ത കാലത്ത് ഒരു ബ്ലാക്കാന്‍ഡ് വൈറ്റില്‍ നിര്‍മ്മിച്ച ചിത്രം വന്‍വിജയമായിരുന്നു. പ്രേം നസീര്‍ നായകനായി എത്തിയില്ലായെങ്കില്‍ ഒരു ചിത്രവും വിജയിക്കില്ല എന്ന അവസ്ഥ നിലനിന്നിരുന്നിടത്താണ് ‘ഉത്സവം’ വന്‍വിജയം കരസ്ഥമാക്കിയത്. കെ പി ഉമ്മര്‍ , റാണിചന്ദ്ര, ശ്രീവിദ്യ എന്നിവരായിരുന്നു ഉത്സവത്തില്‍ അഭിനയിച്ചത്.

ആലപ്പി ഷെറീഫിന്റ തിരക്കഥയിലാണ് ‘ഉത്സവം’ ജനിച്ചത്.

ഐ വി ശശി 2015 ല്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നിന്ന്…

മുരളി ഫിലിംസിന്‍െറ രാമചന്ദ്രന്‍ ഒരു സിനിമ പരാജയപ്പെട്ട് വലിയ നഷ്ടത്തിലായിരുന്ന സമയമായിരുന്നു. അവിചാരിതമായി എന്‍െറയടുക്കല്‍ വന്ന് ഒരു സിനിമ ചെയ്തുതരണമെന്ന് പറയുകയായിരുന്നു. അങ്ങനെയാണ് ആലപ്പി ഷെറീഫിന്‍െറ തിരക്കഥയില്‍ ഉത്സവം ഉണ്ടാകുന്നത്. വ്യത്യസ്തനായ നായകന്‍ വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. കമല്‍ഹാസനെയാണ് ആദ്യം ആലോചിച്ചത്. എന്നാല്‍, കുട്ടിത്തംമാറാത്ത മുഖം കഥാപാത്രത്തിന് തടസ്സമായി തോന്നി. അങ്ങനെയാണ് കെ.പി. ഉമ്മറിനെ നായകനാക്കുന്നത്. റാണിചന്ദ്രയെ നായികയായും നിശ്ചയിച്ചു.

രാഘവനും ശ്രീവിദ്യയും വിന്‍സെന്‍റുമായിരുന്നു മറ്റു താരങ്ങള്‍. ചിത്രീകരണത്തിനിടക്ക് സാമ്പത്തികപ്രയാസമുണ്ടായി. രാമചന്ദ്രന്‍െറ കോഴിക്കോട്ടെ തിയറ്റര്‍ വിറ്റു. ആ പണംകൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. അപ്പോഴും ഡബ്ബിങ്ങിനും പ്രിന്‍െറടുക്കാനും പണമില്ല. വിതരണത്തിനുവേണ്ടി പലരെയും സമീപിച്ചു. അവരൊന്നും ഏറ്റെടുക്കാന്‍ തയാറായില്ല. പുതിയ ഒരാളെ അവര്‍ക്ക് അത്ര വിശ്വാസമായില്ല എന്നുതോന്നുന്നു. ഒടുവില്‍ കലാനിലയം കൃഷ്ണന്‍ നായരാണ് സഹായിച്ചത്. അദ്ദേഹം തന്ന അഡ്വാന്‍സുകൊണ്ട് ഡബ്ബിങ് പൂര്‍ത്തിയാക്കി. സിനിമയുടെ ആറു പ്രിന്‍റുകളുമായി പ്രദര്‍ശനം തുടങ്ങി. ആദ്യ ഒന്നുരണ്ട് ദിവസങ്ങളില്‍ പ്രതികരണം മോശമായെങ്കിലും പിന്നീട് പ്രേക്ഷകരുടെ ഒഴുക്കായി. പടം നന്നായി വിജയിച്ചു. പിന്നീട് തിരക്കിന്‍െറ നാളുകളായി’.