ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരാമെന്ന് ഹാര്‍ദിക്

0
36

ഗാന്ധിനഗര്‍; ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ആവശ്യമെങ്കില്‍ കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്ന് നിലപാടില്‍ പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ടുമായി ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹാര്‍ദിക് കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.

എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി ഹാര്‍ദിക് കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന വിവരവും പുറത്തുവന്നു. അഹമ്മദാബാദിലെ ഹോട്ടലില്‍ രാഹുല്‍ ഗാന്ധി ഉണ്ടായിരുന്ന അതേ സമയത്ത് താനും അവിടെയുണ്ടായിരുന്നെന്നും എന്നാല്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഹാര്‍ദ്ദിക് വ്യക്തമാക്കി. ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അര്‍ദ്ധരാത്രി നവാസ് ശരീഫുമായി മോഡി കൂടിക്കാഴ്ച നടത്തിയതുപോലുള്ള യാതൊരു കൂടിക്കാഴ്ചക്കും താന്‍ മുതിര്‍ന്നിട്ടില്ലെന്നും ഹാര്‍ദിക് പരിഹസിച്ചു. ഗെഹ്ലോട്ടിനെ സന്ദര്‍ശിച്ച ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ട ബിജെപിയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ബിജെപിക്ക് ഗുജറാത്തിലുള്ളതെല്ലാം അവരുടെ സ്വത്താണെന്ന ഭാവമാണെന്നും എന്നും ഹാര്‍ദിക് പറഞ്ഞു.

പട്ടേല്‍ സമുദായത്തിന് സംവരണമാവശ്യപ്പെട്ടു കൊണ്ടുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹാര്‍ദിക് പട്ടേലിന് ഗുജറാത്തില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നു. സംവരണ സമരം ഗുജറാത്ത് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു.